തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിന് അമിത് ഷായും സ്മൃതി ഇറാനിയുമെത്തില്ല
കഴിഞ്ഞ ദിവസം സ്മൃതി ഇറാനിയുടെ റോഡ് ഷോ വരെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ആ ഉറപ്പും ലംഘിക്കപ്പെട്ടു
വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്താമെന്നേറ്റ ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മണ്ഡലത്തിലെത്തില്ല. അവസാന ഘട്ടത്തിലും മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം എന്‍.ഡി.എ പ്രചാരണത്തെ ബാധിക്കുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടില്‍ എന്‍.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ സംസ്ഥാന അധ്യക്ഷനെ തന്നെ നിര്‍ത്തുമ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുമെന്നാണ് തുഷാര്‍ വെള്ളാപ്പിള്ളിക്ക് ലഭിച്ച ഉറപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രചാരണം അവസാനിക്കുമ്പോഴും പ്രമുഖ നേതാക്കളാരും വയനാട്ടിലെത്തിയിട്ടില്ല. പ്രധാനമന്ത്രി കോഴിക്കോട് വന്ന് മടങ്ങുകയായിരുന്നു.
പിന്നീട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉടന്‍ മണ്ഡലത്തിലെത്തുമെന്നും പ്രചാരമുണ്ടായി. കഴിഞ്ഞ ദിവസം സ്മൃതി ഇറാനിയുടെ റോഡ്‌ഷോ വരെ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ആ ഉറപ്പും ലംഘിക്കപ്പെട്ടു. ഇതോടെ ബി.ഡി.ജെ.എസ് ക്യാമ്പില്‍ അതൃപ്തി പുകഞ്ഞു. തുടര്‍ന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെ അവസാന ദിവസമെങ്കിലും പ്രചാരണത്തിനെത്തിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരായി.