വയനാട്ടില്‍ കൊട്ടിക്കലാശത്തിന് കൊഴുപ്പ് കൂട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍
ദേശീയ നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തിയ വയനാട്ടില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും പരസ്യ പ്രചാരണം അവസാനിപ്പിച്ചത്
ദേശീയ നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തിയ വയനാട്ടില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. സ്ഥാനാര്‍ഥികളില്‍ പി.പി സുനീര്‍ മാത്രമാണ് കല്‍പ്പറ്റ നഗരത്തില്‍ നടന്ന കൊട്ടിക്കലാശത്തില്‍ നേരിട്ടെത്തിയത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ എ.ഐ.സി.സി, കെ.പി.സി.സി നേതാക്കളുടെ നേതൃത്വത്തിലാണ് യു.ഡി.എഫിന്റെ അവസാനഘട്ട പ്രചാരണം നടന്നത്. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക കൂടി വയനാട്ടില്‍ പ്രചാരണത്തിനെത്തിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിയായി. കൊട്ടിക്കലാശത്തിലും ഇത് പ്രകടമായിരുന്നു.
എല്‍.ഡി.എഫ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയവര്‍ അവസാന ഘട്ടത്തില്‍ വയനാട്ടിലെത്തി. രാഹുല്‍ പ്രഭാവം വകവെക്കാതെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി പ്രചാരണം നടത്തിയ ഇടത് സ്ഥാനാര്‍ത്ഥി പി.പി സുനീര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആവേശപൂര്‍വ്വമാണ് കല്‍പ്പറ്റ നഗരത്തില്‍ കൊട്ടിക്കലാശത്തിനെത്തിയത്. പ്രചാരണത്തിനായി പ്രമുഖ നേതാക്കളെത്തിയില്ലെങ്കിലും കൊട്ടിക്കലാശത്തില്‍ സജീവ സാന്നിധ്യമായി എന്‍.ഡി.എ പ്രവര്‍ത്തകരും കല്‍പ്പറ്റയിലെത്തിയിരുന്നു. അവസാന ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ്‌ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ സന്ദര്‍ശനം എന്‍.ഡി.എ ക്യാമ്പിലും ഉണര്‍വ്വ് പകരുകയായിരുന്നു.