തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ആലത്തൂരില്‍ സ്ഥാനാര്‍ഥികള്‍ ഇന്നും തിരക്കിലാണ്
പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ കണ്ട വീറും വാശിയും പോളിംഗിന്‍റെ അവസാന മണിക്കൂറില്‍ വരെ പ്രകടമായതോടെയാണ് പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നത്.
പോളിംഗ് 80 ശതമാനത്തിന് മുകളിലേക്കുയര്‍ന്നത് തുണയാകുമെന്നാണ് ആലത്തൂരില്‍ ഇരു മുന്നണികളുടെയും പ്രതീക്ഷ. 80.33 ആണ് ആലത്തൂരിലെ പോളിംഗ് ശതമാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നും തിരക്കിലാണ്.
പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ കണ്ട വീറും വാശിയും പോളിംഗിന്‍റെ അവസാന മണിക്കൂറില്‍ വരെ പ്രകടമായതോടെയാണ് പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നത്. തനിക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ജനം ഏറ്റെടുത്തതാണ് ബൂത്തുകളില്‍ പ്രകടമായതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പി.കെ ബിജുവിന്‍റെ പ്രതീക്ഷ. ഒരു മാസം നീണ്ട വിശ്രമമില്ലാത്ത പ്രചാരണത്തിനും വോട്ടെടുപ്പിനും ശേഷവും സ്ഥാനാര്‍ഥികള്‍ ഇന്നും തിരക്കിലാണ്. രാവിലെ ഇറങ്ങിയ പി.കെ ബിജു ഗോവിന്ദാപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പിതാവ് മരിച്ച യു.ആര്‍ പ്രദീപ് എം.എല്‍.എയുടെ വീട്ടിലെത്തി. ഉച്ചക്ക് ശേഷം കല്യാണ വീടുകളിലെയും മരണവീടുകളിലും സന്ദര്‍ശനത്തിനായി മാറ്റിവെച്ചു.
രമ്യ ഹരിദാസ് ഇന്ന് മുഴുവന്‍ പറമ്പിക്കുളത്താണ്. നിശബ്ദ പ്രചാരണ ദിവസം പറമ്പിക്കുളത്തെ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്ന് ആശുപത്രിയിലായിരുന്നു. ഇതോടെയാണ് കോളനി യാത്ര ഇന്നത്തേക്ക് മാറ്റിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവും ഇന്ന് ചില കല്യാണ വീടുകളും മരണ വീടുകളും സന്ദര്‍ശിക്കുന്ന തിരക്കിലാണ്.