ഇന്ത്യക്ക് വേണ്ടി കെജരിവാള്‍ സംസാരിക്കേണ്ട; 'സിംഗപ്പൂര്‍ വകഭേദം' പരാമര്‍ശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

സിംഗപ്പൂരില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് അതീവ അപകടകരമാണെന്നും അതുകൊണ്ട് സിംഗപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടിരുന്നു.

Update: 2021-05-19 07:14 GMT
Advertising

കെജരിവാള്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെക്കുറിച്ച് കെജരിവാള്‍ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ കെജരിവാള്‍ സിംഗപ്പൂര്‍ വകഭേദം എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി സിംഗപ്പൂര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം തന്നെയാണ് സിംഗപ്പൂരിലും കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും സിംഗപ്പൂരും ഒരുമിച്ചാണ് കോവിഡിനെതിരെ പൊരുതുന്നത്. ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ സിംഗപ്പൂര്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദബന്ധത്തെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേണ്ടി സംസാരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു-വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെജരിവാള്‍ വിവാദ പ്രസ്താവന നടത്തിയത്. സിംഗപ്പൂരില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം കുട്ടികള്‍ക്ക് അതീവ അപകടകരമാണെന്നും അതുകൊണ്ട് സിംഗപ്പൂരിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News