മുസ്‌ലിം സമുദായം മൊത്തം വർഗീയവാദികളോ?; എ.വിജയരാഘവനെതിരെ സമസ്ത എപി വിഭാഗം
''സ്വബോധത്തോടെ തന്നെയാണോ അദ്ദേഹം ഇത് പറഞ്ഞത്? അങ്ങനെയെങ്കിൽ മുസ്ലിം സമുദായം മൊത്തം വർഗീയ വാദികളാണ് എന്നല്ലേ ഇതിനർത്ഥം''
കോഴിക്കോട്: വർഗീയ പരാമർശത്തിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ വിമർശനവുമായി എപി വിഭാഗം.
മുസ്‌ലിം സമുദായം മൊത്തം വർഗീയ വാദികളാണ് എന്നല്ലെ വിജയരാഘവന്റെ പ്രസ്താവനയുടെ അർഥമെന്ന് എസ്‌വൈഎസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം ചോദിച്ചു.
വിജരാഘവന്റെ പ്രസ്താവന ആരെ സന്തോഷിപ്പിക്കാനാണ്. പ്രസ്താവനയിലൂടെ വിജയരാഘവൻ തന്റെ പാരമ്പര്യം നിലനിർത്തുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റഹ്മത്തുല്ല സഖാഫി എളമരം വിമര്‍ശിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
"മുസ്‌ലിം വർഗീയവാദികളുടെ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധിയും, പ്രിയങ്കഗാന്ധിയും എങ്ങിനെയാണ് പാർലിമെന്റിലെത്തുക?"- സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്റെ വാക്കുകളാണിത്.
സ്വബോധത്തോടെ തന്നെയാണോ അദ്ദേഹം ഇത് പറഞ്ഞത്? അങ്ങനെയെങ്കിൽ മുസ്ലിം സമുദായം മൊത്തം വർഗീയ വാദികളാണ് എന്നല്ലേ ഇതിനർത്ഥം!. നാലുലക്ഷത്തിനു മുകളിൽ വോട്ടിനു പ്രിയങ്ക വിജയിച്ചെങ്കിൽ മുസ്ലിംകളിൽ വർഗീയ വാദികൾ മാത്രമേ ഉള്ളൂ എന്നുവരില്ലേ?
ഇത് ആരെസന്തോഷിപ്പിക്കാനാണ്?. ഈ പ്രസ്താവനയിലൂടെ വിജയരാഘവൻതന്റെ പാരമ്പര്യം നിലനിർത്തി എന്നേയുള്ളു''
അതേസമയം എ. വിജയരാഘവന്റെ വർഗീയ പരാമർശത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി സമസ്ത മുഖപത്രം 'സുപ്രഭാതം' രംഗത്ത് എത്തിയിരുന്നു. വർഗ രാഷ്ട്രീയം വിട്ട് സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിച്ചു. സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധതയും വെറുപ്പുമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തലുണ്ട്.
Watch Video Report