മുസ്‌ലിം ലീഗിനെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ഹൈദരലി തങ്ങള്‍
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറക്ക് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തും.
സമൂഹമാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്‌ലിം ലീഗിനെതിരെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ ഭാവനാ സൃഷ്ടിയുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍. നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കുന്നതിന് ഒരു ശക്തിയെയും അനുവദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത പരാജയം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ മുസ്‌ലിം ലീഗ് അതിന്റെ ശക്തി കേന്ദ്രങ്ങളില്‍ സാമാന്യം മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ചില ജില്ലകളില്‍ പാര്‍ട്ടിക്ക് സീറ്റ് നഷ്ടവും ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ ഗൗരവമായി തന്നെ പാര്‍ട്ടി വിശകലനം ചെയ്യും.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറക്ക് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തും. 2006 - ല്‍ പാര്‍ട്ടി ഇതിനേക്കാള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ 2011 ല്‍ പൂര്‍വ്വാധികം ശക്തിയോടെ പാര്‍ട്ടി തിരിച്ച് വന്നിട്ടുള്ള ചരിത്രമാണ് നമുക്ക് മുമ്പിലുള്ളത്. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും അംഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ല . ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആക്ടിങ് പ്രസിഡന്റും പി.കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈദരലി തങ്ങള്‍ വാര്‍ത്തകള്‍ തള്ളി രംഗത്ത് വന്നിരിക്കുന്നത്.