മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരിച്ചത് വയനാട് സ്വദേശി ജോമിഷ് ജോസഫ്
ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഭീമന്‍ ചങ്ങാടം കടലില്‍ മുങ്ങിയത്.
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ് മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു.
ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഭീമന്‍ ചങ്ങാടം കടലില്‍ മുങ്ങിയത്. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഇതിലുണ്ടായിരുന്നത്.
അപകടത്തില്‍ പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനി 38 പേരെക്കൂടി കണ്ടെത്താനുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും ബാര്‍ജിലുള്ളവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നാവികസേനാ അധികൃതര്‍ അറിയിച്ചു.