ശൈത്യകാലമെത്തി: ഗസ്സയിലെ കൊടും തണുപ്പിൽ മരവിച്ച് മരിച്ചുവീണ് കുഞ്ഞുങ്ങൾ
ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചത്
ഗസ്സ സിറ്റി: ഗസ്സയിൽ അതിശൈത്യത്തിൽ നവജാതശിശുക്കൾ തണുത്ത് മരിച്ചു. തെക്കൻ ഗാസയിലെ അൽ-മവാസിയിലെ അഭയാർത്ഥി ക്യാമ്പിലാണ് 48 മണിക്കൂറിനിടെ മൂന്ന് കുട്ടികൾ കടുത്ത തണുപ്പിൽ മരവിച്ച് മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബുർഷ് വ്യക്തമാക്കി.
ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആയിരകണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിർമ്മിച്ച താൽക്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം.
ശൈത്യകാലത്തെ കൊടും തണുപ്പാണ് ഇപ്പോൾ മേഖലയിൽ വെല്ലുവിളിയാകുന്നത്. കുഞ്ഞുങ്ങളെ തുണികളിൽ പൊതിഞ്ഞ് ശരീരതാപനില ക്രമീകരിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്. എന്നാൽ വസ്ത്രങ്ങൾ കുറവായതിനാൽ അധികനേരം ഇത് തുടരാൻ സാധിക്കുന്നില്ല. തണുപ്പ് കൂടുമ്പോൾ കുഞ്ഞുങ്ങളുടെ മുഖം നീല നിറമായി മാറിയതായും ബന്ധുക്കൾ വ്യക്തമാക്കി.
2023 ഒക്ടോബർ 7 മുതൽ മേഖലയിൽ ഇസ്രായേൽ നടത്തി വരുന്ന ആക്രമങ്ങളിൽ ഗസ്സ ജനവാസ യോഗ്യമല്ലാതായതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യ ചികിത്സയോ ഭക്ഷണമോ മറ്റു സഹായങ്ങളോ ലഭിക്കാതെയാണ് മുനമ്പിലെ അവശേഷിക്കുന്ന ജനങ്ങൾ ജീവിതം തള്ളി നീക്കുന്നത്. ശൈത്യകാലം വന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുഷ്കരമാവുകയാണ്.