ബോക്സിങ് ഡേയില്‍ നിലയുറപ്പിച്ച് ഓസീസ്; ഓപ്പണര്‍മാര്‍ക്ക് ഫിഫ്റ്റി
ഓപ്പണിങ് വിക്കറ്റിൽ 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഖ്വാജ- സാം ജോഡി വേർപിരിഞ്ഞത്
മെൽബൺ: ബോക്‌സിങ് ഡേ ടെസ്റ്റിൽ നിലയുറപ്പിച്ച് ഓസീസ്. ഓപ്പണർമാരായ സാം കോൺസ്റ്റസും ഉസ്മാൻ ഖ്വാജയും അർധ സെഞ്ച്വറി കണ്ടെത്തിയ ഒന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിലാണ് ആതിഥേയർ. 60 റൺസെടുത്ത കോൺസ്റ്റാസിനെ രവീന്ദ്ര ജഡേജ പുറത്താക്കി.
കളിയിൽ ടോസ് നേടിയ കങ്കാരുക്കൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ കന്നി ടെസ്റ്റിന് ഇറങ്ങിയ 19കാരൻ സാം കോൺസ്റ്റാസ് അരങ്ങേറ്റക്കാരന്റെ സങ്കോചങ്ങളൊന്നുമില്ലാതെ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 65 പന്തിൽ നിന്ന് 60 റൺസെടുത്ത സാമിന്റെ ഇന്നിങ്‌സിൽ രണ്ട് സിക്‌സും ആറ് ഫോറും പിറന്നു.
ഇന്ത്യൻ പേസ് നിരയിലെ ഏറ്റവും അപകടകാരിയായ ബോളർ ജസ്പ്രീത് ബുംറയെയാണ് സാം ഏറ്റവുമധികം പ്രഹരിച്ചത്. യുവതാരമടിച്ച രണ്ട് സിക്‌സുകളും ബുംറയുടെ ഓവറിലായിരുന്നു. ഒടുവിൽ 92.31 സ്‌ട്രൈക്ക് റൈറ്റിൽ ബാറ്റ് വീശിയ സാമിനെ രവീന്ദ്ര ജഡേജ എൽ.ബി. ഡബ്ല്യുവിൽ കുരുക്കി.
ഓപ്പണിങ് വിക്കറ്റിൽ 89 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഖ്വാജ- സാം ജോഡി വേർപിരിഞ്ഞത്. 112 പന്തിൽ 53 റൺസുമായി ഉസ്മാൻ ഖ്വാജയും 56 പന്തിൽ 23 റൺസുമായി മാർനസ് ലബൂഷൈനുമാണ് ക്രീസിൽ.