ഒരിത്തിരി ബഹുമാനമാകാം... ബുംറയെ കണക്കിന് പ്രഹരിച്ച് 19 കാരൻ കോൺസ്റ്റാസ്
മത്സരത്തിൽ രണ്ട് സിക്‌സും ആറ് ഫോറും അടിച്ച താരത്തിന്റെ ഭൂരിഭാഗം ബൗണ്ടറികളും പിറന്നത് ബുംറയുടെ ഓവറുകളിൽ
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റ് പുരോഗമിക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ നിറയെ ആസ്‌ത്രേലിയൻ താരം സാം കോൺസ്റ്റാസാണ്. ഓസീസിനായി ഇന്ന് അരങ്ങേറ്റം കുറിച്ച സാം കന്നി മത്സരത്തിന്‍റെ സങ്കോചങ്ങളൊന്നുമില്ലാതെ അർധ സെഞ്ച്വറി കുറിച്ചു. അതും ഏകദിന ശൈലിയിൽ. 65 പന്തിൽ 60 റൺസെടുത്ത സാമിനെ ജഡേജയാണ് പുറത്താക്കിയത്.
എന്നാൽ ചർച്ച അതൊന്നുമല്ല. ഇന്ത്യൻ പേസ് നിരയിലെ ഏറ്റവും അപകടകാരിയായ ബോളർ ജസ്പ്രീത് ബുംറയെ ഭയലേശമന്യേ നേരിട്ട സാമിന്റെ ബാറ്റിങ് ശൈലിയാണ്. കളിയിലുടനീളം ബുംറക്ക് യാതൊരു 'ബഹുമാനവും' കൊടുക്കാതിരുന്ന സാം ടി20 ശൈലിയിലാണ് ഇന്ത്യന്‍ താരത്തിന്‍റെ ഓവറുകളിൽ ബാറ്റ് വീശിയത്.
ബുംറയെറിഞ്ഞ ഏഴാം ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 19 കാരൻ അടിച്ചെടുത്തത് 14 റൺസാണ്. 11ാം ഓവറിലാവട്ടെ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 18 റൺസും. മത്സരത്തിൽ രണ്ട് സിക്‌സും ആറ് ഫോറും അടിച്ച താരത്തിന്റെ ഭൂരിഭാഗം ബൗണ്ടറികളും പിറന്നത് ബുംറയുടെ ഓവറുകളിൽ. മത്സരത്തിനിടെ സാമിനോട് ഇന്ത്യൻ താരം വിരാട് കോഹ്ലി കൊമ്പുകോർത്തതും മൈതാനത്തെ ചൂടുപിടിപ്പിച്ചു. 4484 പന്തുകള്‍ക്ക് ശേഷമാണ് ബുംറക്കെതിരെ ഒരു ബാറ്റര്‍ സിക്സര്‍ പായിക്കുന്നത്.
മെൽബണിൽ ബോക്‌സിങ് ഡേ ടെസ്റ്റ് പുരോഗമിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തിട്ടുണ്ട് ആതിഥേയർ. 57 റൺസെടുത്ത ഉസ്മാൻ ഖ്വാജയെ ബുംറ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെ സ്റ്റീവൻ സ്മിത്തും 33 റൺസുമായി മാർനസ് ലബൂഷൈനുമാണ് ക്രീസിൽ.