ഞാനൊരു വിഡ്ഢിയല്ല; എന്തുകൊണ്ട് പാക് ടീമിന്റെ കോച്ചാവുന്നില്ല എന്നതിന് വസീം അക്രമിന്റെ മറുപടി

കോച്ചാവാതിരിക്കാന്‍ രണ്ട് കാരണങ്ങളാണ് വസീം അക്രം ചൂണ്ടിക്കാട്ടുന്നത്.

Update: 2021-05-28 15:34 GMT
Advertising

എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാത്തത് എന്ന ചോദ്യത്തിന് പ്രതികരണവുമായി പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. പ്രധാനമായും രണ്ട് കാരണങ്ങളാണ് വസീം അക്രം പറയുന്നത്.

ഏതെങ്കിലും അന്താരാഷ്ട്ര ടീമിന്റെ പരിശീലകനാവുമ്പോള്‍ വര്‍ഷത്തില്‍ 200-250 ദിവസങ്ങള്‍ ടീമിനൊപ്പം ചിലവഴിക്കേണ്ടി വരും. ഏതെങ്കിലും കളിക്കാരന് എന്തെങ്കിലും നിര്‍ദേശം ആവശ്യമുണ്ടാവുമ്പോള്‍ ടീമിനൊപ്പം ഉണ്ടായിരിക്കണം. എന്നാല്‍ ഇത്രയധികം ദിവസങ്ങള്‍ കുടുംബത്തെ വിട്ടുനില്‍ക്കാന്‍ തനിക്കാവില്ല.

രണ്ടാമതായി അദ്ദേഹം പറയുന്നത് താനൊരു വിഡ്ഢിയല്ലാത്തതുകൊണ്ടാണ് അതിന് മുതിരാത്തതെന്നാണ്. ചില താരങ്ങള്‍ കോച്ചുമാരെയും സീനിയര്‍ താരങ്ങളെയും പഴിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ കാണാനാവുന്നത്. കോച്ചുമാര്‍ ക്രിക്കറ്റ് കളിക്കാന്‍ പോവുന്നവരല്ല, കളിക്കാരാണ് ഗ്രൗണ്ടിലിറങ്ങി കളിക്കേണ്ടത്. കളി പ്ലാന്‍ ചെയ്യുക മാത്രമാണ് കോച്ചിന്റെ ജോലി. കളി തോറ്റാല്‍ കോച്ച് മാത്രമല്ല ഉത്തരവാദി. പാക് കളിക്കാര്‍ കോച്ചിനെതിരെ നടത്തുന്ന യുക്തിക്ക് നിരക്കാത്ത വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ എനിക്കാവില്ല-അക്രം പറഞ്ഞു.

കോച്ചുമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാക് താരം മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അക്രമിന്റെ പ്രതികരണം. നിലവില്‍ മിസ്ബാഹുല്‍ ഹഖാണ് പാക് ടീമിന്റെ ഹെഡ് കോച്ച്. വഖാര്‍ യൂനുസ് ആണ് ബൗളിങ് കോച്ച്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News