സിൽവർലൈൻ അലൈൻമെന്റിൽ തൻറെ വീട് വന്നാൽ വിട്ടു നൽകും: സജി ചെറിയാൻ
തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തൻറെ വീട്ടിലൂടെ അലൈൻമെൻറ് കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു
സിൽവർലൈൻ അലൈൻമെന്റിൽ തൻറെ വീട് വന്നാൽ പൂർണ മനസോടെ വീട് വിട്ടു നൽകാമെന്ന് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന് വേണ്ടി കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിനെതിരെയാണ് മന്ത്രിയുടെ മറുപടി. തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ തൻറെ വീട്ടിലൂടെ അലൈൻമെൻറ് കൊണ്ട് വരണമെന്നും മന്ത്രി പറഞ്ഞു.
കെ - റെയിൽ പദ്ധതിക്ക് ഇതുവരെ അലൈൻമെന്റ് ആയിട്ടില്ല. തന്നോടുള്ള വിരോധം വെച്ചാണ് തിരുവഞ്ചൂർ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്‍റെ വീട് സംരക്ഷിക്കാൻ കെ. റെയിൽ അലൈൻമെന്‍റ് മാറ്റിയെന്നും. കെ. റെയിൽ കടന്നു പോകുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കുറിച്ചിമുട്ടത്താണ് അലൈൻമെന്‍റ് മാറ്റിയതെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. കെ റെയിൽ അലൈൻമെന്റ് സർക്കാർ വൻ തോതിൽ മാറ്റിയെന്നും സർക്കാർ നൽകുന്ന റൂട്ട് മാപ്പിൽ ഇടതുവശത്തായി ഇരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ റെയിലിന്റെ ഔദ്യോഗിക ഡിജിറ്റൽ റൂട്ട് മാപ്പിൽ വലതു വശത്തായെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഈ മാറ്റത്തിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കണമെന്നും ഡിജിറ്റൽ റൂട്ട് മാപ്പിങിൽ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ പറഞ്ഞു.