പൂരം കലക്കൽ ദേവസ്വത്തിന്റെ തലയിൽ വച്ചുകെട്ടാൻ ഗൂഢനീക്കം; കേസ് സിബിഐയ്ക്ക് വിടണം-തിരുവമ്പാടി ദേവസം
'അജിത് കുമാറിന്റെ റിപ്പോർട്ട് ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു.'
തൃശൂർ: പൂരം കലക്കൽ തിരുവമ്പാടി ദേവസ്വത്തിന്റെ തലയിൽ വച്ചുകെട്ടാനുള്ള ഗൂഢനീക്കം നടക്കുന്നുവെന്ന് ദേവസം സെക്രട്ടറി കെ. ഗിരീഷ് കുമാർ. ദേവസ്വവുമായി ബന്ധമില്ലാത്തവരുടെ പേരുകളാണ് പൂരം കലക്കലിൽ പറഞ്ഞുകേൾക്കുന്നത്. കേസ് കേരള പൊലീസിന് തെളിയിക്കാൻ സാധിക്കില്ലെങ്കിൽ സിബിഐയ്ക്ക് വിടണമെന്നും ഗിരീഷ് കുമാർ പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അജിത് കുമാറിന്റെ റിപ്പോർട്ട് ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുശേഷം ത്രിതല അന്വേഷണവും പ്രഖ്യാപിച്ചു. ത്രിതല അന്വേഷണത്തിലാണ് എല്ലാം വ്യക്തമാവുക. അതിനുശേഷമാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് വരുന്നത്. പൂര ദിവസവും തലേദിവസവും എഡിജിപി തൃശൂരിലുണ്ടായിരുന്നു. ദേവസ്വത്തിന് ഒരു രാഷ്ട്രീയവുമില്ല. രാഷ്ട്രീയ പാർട്ടികളും അവിടെയുണ്ടായിരുന്നുവെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.
ഞങ്ങൾ ഉണ്ടാക്കിയ പൂരം ഞങ്ങൾ തന്നെ കലക്കുമോ? തിരുവമ്പാടി ദേവസ്വം ഒരു രാഷ്ട്രീയക്കളിയും കളിച്ചിട്ടില്ല. റിപ്പോർട്ട് ദേവസ്വത്തിന്റെ ധാർമികതയെ ബാധിക്കും. ജനുവരി മൂന്നിനും അഞ്ചിനും നടക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും കെ. ഗിരീഷ് കുമാർ പറഞ്ഞു.
Summary: 'Conspiracy to pin the blame on the Devaswom for the Thrissur Pooram disruption; The case should be handed over to the CBI' - Thiruvambady Devaswom Secretary K. Girish Kumar