ദക്ഷിണ ചൈനാ കടലിൽ കപ്പൽ തകർന്ന് 30 പേരെ കാണാതായ സംഭവം; 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ചുഴലിക്കാറ്റിൽ പെട്ട് കപ്പൽ രണ്ട് കഷ്ണങ്ങളായി തകരുകയായിരുന്നു
Update: 2022-07-04 10:22 GMT
ബെയ്‌ജിങ്: ദക്ഷിണ ചൈനാ കടലിൽ കപ്പൽ തകർന്ന് 30 പേരെ കാണാതായ സംഭവത്തിൽ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കണ്ടെത്തിയവരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിക്കുന്ന തിരക്കിലാണ് അധികൃതർ.
ശനിയാഴ്ചയായിരുന്നു അപകടം. ഹോങ്കോങ്ങിന് തെക്ക് പടിഞ്ഞാറ് 296 കിലോമീറ്റർ അകലെ ചുഴലിക്കാറ്റിൽ പെട്ട് കപ്പൽ രണ്ട് കഷ്ണങ്ങളായി തകരുകയായിരുന്നു. 30 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. നാലു പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിരുന്നു.
ദക്ഷിണ ചൈനാ കടലിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട ചാബ ചുഴലിക്കാറ്റ് ശനിയാഴ്ച ഉച്ചയോടെ തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് മേഖലയിലേക്ക് പ്രവേശിച്ചു. നിലവിൽ ഏഴ് വിമാനങ്ങളും 246 ബോട്ടുകളും 498 മത്സ്യബന്ധന ബോട്ടുകളും കാണാതായവരെ തിരയുന്നതിനായി അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.