തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ന് 13 പേർ കൊല്ലപ്പെട്ടു
കരയുദ്ധത്തിനിടെ രണ്ട് ഇസ്രായേലി സൈനികരെ കൂടി ഹമാസ് വധിച്ചു
ഗസ്സ സിറ്റി: ഗസ്സയിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ സേന. യു.എൻ സ്‌കൂളുകളിലടക്കമാണ് വ്യോമാക്രമണം നടത്തിയത്. മധ്യ, തെക്കൻ ഗസ്സയിൽ 13 പേരാണ് ഇന്ന് കൊല്ലപ്പെട്ടത്. കരയുദ്ധത്തിനിടെ രണ്ട് ഇസ്രായേലി സൈനികരെ കൂടി ഹമാസ് വധിച്ചു. താത്കാലിക വെടിനിർത്തലിന് ധാരണയായില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
വടക്കൻ ഗസ്സയിലെ അൽഫഖൂറ, തലാൽ സാതർ സ്‌കൂളുകളിലാണ് ആക്രമണം നടത്തിയത്. രണ്ട് ആക്രമണങ്ങളിലുമായി നിരവധിയാളുകൾ കൊല്ലപ്പെട്ടു. അൽശിഫ ആശുപത്രി മരണ പ്രദേശമായെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 291 ഗുരുതര രോഗികളടക്കം 300ലേറെ പേരാണ് ഇപ്പോഴും അൽശിഫയിൽ തുടരുന്നത്. ഇവരെ കൊണ്ടുപോകുന്നതിന് ആധുനിക ആംബുലൻസ് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് സമീപം ഇപ്പോഴും കനത്ത വ്യോമാക്രമണം തുടരുകയാണ്. വടക്കൻ ഗസ്സയിൽ ഹമാസ്-ഇസ്രായേൽ സേനാ ഏറ്റുമുട്ടൽ തുടരുന്നു. ഇസ്രായേലി സ്‌നൈപ്പറായ കൊളോണൽ ആബെലിനെ ഹമാസ് വധിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 56 ആയി. ലബനാൻ - ഇസ്രായേൽ അതിർത്തിയിലും സംഘർഷം കനക്കുകയാണ്.