യുദ്ധത്തിനിടെ ഗസ്സ നിവാസികളുടെ ജീവിതം ദുരിതത്തിലാക്കി കനത്ത മഴ
ആളുകൾ താമസിക്കുന്ന ടെൻ്റുകൾക്ക് മഴ കനത്ത നാശനഷ്ടമുണ്ടാക്കി
ജെറുസലേം: ഇസ്രായേലിൻ്റെ കനത്ത അക്രമങ്ങൾക്ക് പുറമെ ഗസ്സ നിവാസികളുടെ ജീവിതം ദുരിതത്തിലാക്കി കനത്ത മഴയും. മഴ ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ സ്ഥിതി കൂടുതൽ വഷളാക്കിയതായി സിവിൽ ഡിഫൻസ് സർവീസ് പറഞ്ഞു. കനത്ത മഴ ഫലസ്തീനിലെ വിവിധ പ്രദേശങ്ങളെ ബാധിച്ചു. പ്രത്യേകിച്ച് ഞായറാഴ്ച മധ്യ, തെക്കൻ ഗസ്സയെയാണ് ഇത് കൂടുതലായി ബാധിച്ചത്.
'ആയിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ താമസിക്കുന്ന ടെൻ്റുകൾക്ക് മഴ കനത്ത നാശനഷ്ടമുണ്ടാക്കി. ടെൻ്റിനുള്ളിൽ വെള്ളം ഒഴുകുകയാണ്. ആളുകളുടെ ലഗേജുകളും കിടക്കകളും ഇതുവഴി കേടുവരുകയാണ്.'- വക്താവ് മഹമൂദ് ബാസൽ പ്രസ്താവനയിൽ പറഞ്ഞു. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ യഥാർഥ മാനുഷിക ദുരന്തത്തെയാണ് ഈ സാഹചര്യം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗസ്സയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ടെൻ്റുകളും കാരവാനുകളും നൽകുന്നതിന് ഉടൻ ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സമൂഹത്തോടും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഹമാസിൻ്റെ ആക്രമണത്തിനുപിന്നാലെ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ 44,200ൽ അധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വാറൻ്റ്.