ജോലിസ്ഥലത്ത് ഉറങ്ങിയതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, കമ്പനിക്കെതിരെ കേസ് നൽകി: നഷ്ടപരിഹാരം 41.6 ലക്ഷം രൂപ
കമ്പനിയുടെ അച്ചടക്ക നയത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടൽ
ബെയ്ജിങ്: ജോലിസ്ഥലത്ത് ഉറങ്ങിയതിന് പിരിച്ചുവിട്ട കമ്പനിക്കെതിരെ കേസ് നൽകി ചൈനീസ് പൗരൻ. രാത്രി വൈകി ജോലി ചെയ്തതിനുശേഷം മയങ്ങിപ്പോയതിന് ജോലിയിൽ നിന്നു പിരിച്ചുവിട്ടെന്ന് പറഞ്ഞാണ് മുൻ തൊഴിലുടമക്കെതിരെ കേസ് നൽകിയത്. തന്നെ പിരിച്ചുവിട്ടതിനു നഷ്ടപരിഹാരായി 41.6 ലക്ഷം ഇന്ത്യൻ രൂപയാണ് (350,000 യുവാൻ) അദ്ദേഹത്തിന് ലഭിച്ചത്.
ജിയാങ്‌സു പ്രവിശ്യയിലെ ഒരു കെമിക്കൽ കമ്പനിയിൽ ഡിപ്പാർട്ട്‌മെൻ്റ് മാനേജരായി 20 വർഷത്തിലേറെയായി ജോലി ചെയ്തുവരികയായിരുന്നു ഷാങ് എന്ന വ്യക്തി. ഈ വർഷമാദ്യം അദ്ദേഹം തൻ്റെ ഡെസ്കിൽ ഉറങ്ങുന്നതായി സിസിടിവിയിൽ കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി തലേദിവസം അർദ്ധരാത്രി വരെ ഡ്രൈവ് ചെയ്തതിനാലാണ് അദ്ദേഹം ഉറങ്ങിപ്പോയത്.
സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം, കമ്പനിയുടെ എച്ച്ആർ ഡിപ്പാർട്ട്‌മെൻ്റ് ഒരു റിപ്പോർട്ട് നൽകി. ക്ഷീണം കാരണം ജോലിസ്ഥലത്ത് ഉറങ്ങി എന്നായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഒരു മണിക്കൂർ നേരമാണ് താൻ അന്ന് ഉറങ്ങിയത് എന്ന് എച്ച്ആർ സ്റ്റാഫിനോട് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് തൊഴിലാളി യൂണിയനുമായി കൂടിയാലോചിച്ച ശേഷം കമ്പനി ഔദ്യോഗിക പിരിച്ചുവിടൽ നോട്ടീസ് നൽകി. കമ്പനിയുടെ അച്ചടക്ക നയത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടൽ.
തൻ്റെ പിരിച്ചുവിടൽ അന്യായമാണെന്ന് വിശ്വസിച്ച ഷാങ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു. 'ജോലിക്കിടെ ആദ്യമായാണ് അദ്ദേഹം ഉറങ്ങുന്നത്, അത് കമ്പനിക്ക് ഗുരുതരമായ ദോഷം വരുത്തിയില്ലെ'ന്ന് കോടതി നിരീക്ഷിച്ചു. ഷാങ്ങിൻ്റെ രണ്ട് പതിറ്റാണ്ടിൻ്റെ മികച്ച സേവനം പരിഗണിച്ച് ഒരൊറ്റ ലംഘനത്തിൻ്റെ പേരിൽ അദ്ദേഹത്തെ പുറത്താക്കുന്നത് യുക്തിരഹിതമാണെന്ന് കോടതി പറഞ്ഞു. തുടർന്ന് 41.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.