മെക്സിക്കോയിലെ ജയിലില്‍ വെടിവെപ്പ്; 14 മരണം, 24 തടവുകാര്‍ ജയില്‍ ചാടി

ഞായറാഴ്ച പുലർച്ചെയാണ് ടെക്സസിലെ എൽ പാസോയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള ജയിലില്‍ വെടിവെപ്പുണ്ടായത്

Update: 2023-01-02 04:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

മെക്സിക്കോ സിറ്റി: മെക്സിക്കോ സിയുഡാഡ് ജുവാരസിലെ ജയിലില്‍ വെടിവെപ്പ്. ആയുധധാരികളായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ പത്ത് ഗാർഡുകളും നാല് തടവുകാരും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ടെക്സസിലെ എൽ പാസോയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള ജയിലില്‍ വെടിവെപ്പുണ്ടായത്.

രാവിലെ 7 മണിയോടെ വിവിധ കവചിത വാഹനങ്ങൾ ജയിലിൽ എത്തിയെന്നും തോക്കുധാരികൾ ഗാർഡുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ചിഹുവാഹുവ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരെ കൂടാതെ 13 പേർക്ക് പരിക്കേൽക്കുകയും 24 തടവുകാര്‍ ജയില്‍ ചാടുകയും ചെയ്തു. മെക്‌സിക്കൻ പട്ടാളക്കാരും സംസ്ഥാന പൊലീസും ഞായറാഴ്ച ജയിലിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ടെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

ഞായറാഴ്ച ജയിലിനുനേരെയുള്ള ആക്രമണത്തിന് തൊട്ടുമുമ്പ്, മുനിസിപ്പൽ പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും സംഭവത്തില്‍ നാല് പേരെ പിടികൂടുകയും ചെയ്തുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു. പിന്നീട് രണ്ടു തോക്കുധാരികളെ പൊലീസ് വധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഗസ്തിലും ഈ ജയിലില്‍ കലാപമുണ്ടായിരുന്നു. 11 പേരുടെ മരണത്തിനിടയാക്കിയ അക്രമം ജുവാരസ് തെരുവുകളിലേക്കും വ്യാപിച്ചിരുന്നു. മെക്സിക്കന്‍ ജയിലുകളില്‍ അക്രമങ്ങള്‍ പതിവാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News