'പ്രതിദിനം 1.5 ദശലക്ഷം കൊവിഡ് കേസുകൾ, യൂറോപ്പിലുടനീളം പുതിയ തരംഗം വീശുന്നു': യുഎൻ മേധാവി
എല്ലായിടത്തും ഓരോ വ്യക്തിക്കും വാക്‌സിനുകൾ എത്തിക്കാൻ സർക്കാറുകളും മരുന്ന് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ്
യു.എന്‍: ലോകത്ത് ഓരോ ദിവസവും 1.5 ദശലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഏഷ്യയിൽ വലിയ രീതിയിൽ പകർച്ചവ്യാധികൾ പടരുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യൂറോപ്പിലുടനീളം ഒരു പുതിയ തരംഗം പടരുകയാണ്. മഹാമാരിയുടെ തുടക്കത്തിലുള്ള മരണനിരക്ക് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലായിടത്തും ഓരോ വ്യക്തിക്കും വാക്‌സിനുകൾ എത്തിക്കാൻ സർക്കാരുകളും മരുന്ന് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഗവി കോവാക്‌സ് അഡ്വാൻസ് മാർക്കറ്റ് കമ്മിറ്റ്മെന്റ് ഉച്ചകോടിയിൽ 'വൺ വേൾഡ് പ്രൊട്ടക്ടഡ്- ബ്രേക്ക് കോവിഡ് നൗ' എന്ന വിഷയത്തിൽ വീഡിയോ സന്ദേശത്തിലൂടെ സംവദിക്കുകയായിരുന്നു ഗുട്ടെറസ്. മഹാമാരി അവസാനിച്ചിട്ടില്ല എന്ന നിർണായകമായ ഓർപ്പെടുത്തലാണ് ഗുട്ടെറസ് നടത്തിയത്. വൈറസിന് എത്ര വേഗത്തിലും വ്യാപിക്കാനും പരിവർത്തനം ചെയ്യാനും കഴിയും എന്നതിന്റെ 'അമ്പരപ്പിക്കുന്ന ഓർമ്മപ്പെടുത്തലായിരുന്നു ഒമിക്രോൺ വകഭേദമെന്നും അദ്ദേഹം പറഞ്ഞു. 'ചില ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ അവരുടെ രണ്ടാമത്തെ ബൂസ്റ്റർ ഡോസുകൾക്കായി തയ്യാറെടുക്കുമ്പോൾ, മനുഷ്യരാശിയുടെ മൂന്നിലൊന്ന് പേരും വാക്‌സിനേഷൻ എടുക്കാതെ തുടരുകയാണ്. നിർമ്മാതാക്കൾ പ്രതിമാസം 1.5 ബില്യൺ ഡോസുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എല്ലാവരിലും എത്തുന്നില്ല. ഇത് നമ്മുടെ അസമത്വ ലോകത്തിന്റെ ക്രൂരമായ മുഖങ്ങളിലൊന്ന് കൂടിയാണ്. ഇത് പുതിയ വകഭേദങ്ങൾക്കുള്ള ഒരു പ്രധാന പ്രജനന കേന്ദ്രം കൂടിയാകുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
'ഈ വർഷം പകുതിയോടെ എല്ലാ രാജ്യങ്ങളും 70 ശതമാനം വാക്‌സിനേഷൻ കവറേജിലെത്തുമെന്ന ലക്ഷ്യത്തിൽ നിന്ന് ഞങ്ങൾ വളരെ അകലെയാണ്. ഓരോ നാല് മാസത്തിലും ശരാശരി പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നതിനാൽ, സമയം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങളിൽ മാത്രമല്ല, എല്ലായിടത്തും എല്ലാ വ്യക്തികൾക്കും വാക്‌സിനുകൾ എത്തിക്കാൻ സർക്കാരുകളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടണിൽ കണ്ടെത്തിയ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ്.ഇ കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലായി ഒമ്പത് ദശലക്ഷത്തിലധികം പുതിയ കേസുകളും 26,000-ലധികം പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. എല്ലാ പ്രദേശങ്ങളും പുതിയ പ്രതിവാര കേസുകളുടെ എണ്ണത്തിലും പുതിയ പ്രതിവാര മരണങ്ങളും കുറയുന്നതായി റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ഏപ്രിൽ മൂന്ന് വരെ 489 ദശലക്ഷത്തിലധികം കേസുകളും 6 ദശലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യം ദക്ഷിണ കൊറിയയാണ്. 2,058,375 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ജർമ്മനി (1,371,270 ), ഫ്രാൻസ് (959,084 ), വിയറ്റ്‌നാം (796,725 ), ഇറ്റലി (486,695 ) എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. ഏറ്റവും കൂടുതൽ പ്രതിവാര മരണങ്ങൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 4,435 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. റഷ്യ ((2,357 ), ദക്ഷിണ കൊറിയ ((2,336, ജർമ്മനി (1,592 ), ബ്രസീലിൽ (1,436 ) എന്നിവയും തൊട്ടുപിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.