മരിയുപോളിൽ കുഴിമാടങ്ങളിൽ കൂട്ടസംസ്‌കാരം; 12 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 1582 സാധാരണക്കാർ
യുക്രൈൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാത്ത പുടിൻ നിരായുധരെ ബോംബെറിഞ്ഞ് കൊല്ലുകയാണെന്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ
റഷ്യയുടെ ഷെല്ലാക്രമണങ്ങളിൽ യുക്രൈനിലെ പ്രധാനഗരങ്ങളെല്ലാം തകർന്നടിയുകയാണ്. മാത്രവുമല്ല യുദ്ധത്തിൽ ദിവസവും നൂറുക്കണക്കിന് സാധാരണക്കാരാണ് തെരുവുകളിലും വീടുകളിലും മരിച്ചുവീഴുന്നത്. 12 ദിവസത്തിനുള്ളിൽ യുക്രൈനിൽ മരിച്ചത് 1582 സാധാരണക്കാരാണ്. മരിച്ചവരെ കുഴിമാടങ്ങളിൽ കൂട്ടത്തോടെ സംസ്‌കരിക്കുന്ന ഭീകരമായ കാഴ്ചകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഷ്യയുടെ ആക്രമണം രൂക്ഷമായ മരിയുപോളിൽ നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ യുദ്ധത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന മറ്റൊരു കാഴ്ചയായി മാറുകയാണ്.
'ഈ ഭൂമിയിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് മരിയുപോളിലേതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു. യുക്രൈൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാത്ത പുടിൻ നിരായുധരെ ബോംബെറിഞ്ഞ് മാനുഷിക സഹായങ്ങൾ തടയുകയാണ്. റഷ്യയുടെ യുദ്ധകുറ്റങ്ങൾ തടയണമെന്നും' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
'ഇതെല്ലാം അവസാനിപ്പിക്കണം എന്നത് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ആരാണ് കുറ്റം ചെയ്തതെന്നും ആരാണ് ശരിയെന്നും എനിക്കറിയില്ല. ആരാണ് ഇത് ആരംഭിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അത് അവസാനിക്കണം,' മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പ്രാദേശിക അധികാരികളെ സഹായിക്കുന്ന സാമൂഹിക സേവന പ്രവർത്തകനായ വോലോഡൈമർ ബൈക്കോവ്‌സ്‌കി പ്രതികരിച്ചു.
മരിയുപോളിൽ റഷ്യയുടെ ആക്രമണത്തിൽ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. റഷ്യൻ ഷെല്ലാക്രമണത്തിൽ കെട്ടിടങ്ങളും വീടുകളും ആശുപത്രികളും തെരുവുകളും തകർന്നു. അതേ സമയം യുക്രൈനിലെ മാനുഷിക സ്ഥിതി അതിവേഗം വഷളാവുകയും നിരവധി നഗരങ്ങളിൽ അത് ദുരന്തമായി മാറുകയും ചെയ്തതായി റഷ്യൻ സൈന്യം പ്രതികരിച്ചു. 'നിർഭാഗ്യവശാൽ, യുക്രൈയിനിലെ മാനുഷിക സാഹചര്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്, ചില നഗരങ്ങളിൽ ഇത് വിനാശകരമായ അനുപാതത്തിൽ എത്തിയിരിക്കുന്നതായി റഷ്യൻ നാഷണൽ ഡിഫൻസ് കൺട്രോൾ സെന്റർ മേധാവി മിഖായേൽ മിസിന്റ്‌സെവ് പറഞ്ഞു.
ഫെബ്രുവരി 24 ന് റഷ്യയുക്രൈനിൽ അധിനിവേശം തുടങ്ങിയത്. യുദ്ധം ഒരു വലിയ അഭയാർത്ഥി പ്രതിസന്ധിക്ക് കാരണമാവുകയും നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. യുദ്ധത്തിൽ 12,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് യുക്രൈൻ അവകാശപ്പെടുന്നത്.