ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യൻ ജീവനക്കാർ

നയതന്ത്ര മാർഗങ്ങളിലൂടെ ഇവരെ മോചിപ്പിക്കാൻ ശ്രമം തുടങ്ങി

Update: 2024-04-13 15:56 GMT
Advertising

തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ പിടികൂടിയ ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ 17 ഇന്ത്യൻ ജീവനക്കാരുള്ളതായി റിപ്പോർട്ട്. പോർച്ചുഗീസ് പതാകയുള്ള എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പൽ ഇറാനിയൻ സമു​ദ്രാതിർത്തിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ‘എം.എസ്‌.സി ഏരീസ് എന്ന ചരക്ക് കപ്പൽ ഇറാൻ നിയന്ത്രണത്തിലാക്കിയതായി ഞങ്ങൾക്കറിയാം. കപ്പലിൽ 17 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് മനസ്സിലാക്കുന്നു. തെഹ്റാനിലും ഡൽഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, നേരത്തെയുള്ള മോചനം എന്നിവ ഉറപ്പാക്കും’ -അധികൃതർ അറിയിച്ചു.

ഗോർട്ടൽ ഷിപ്പിങ് കമ്പനിയിൽ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എംഎസ്‌സിയാണ് ഏരീസ് എന്ന കപ്പൽ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോർട്ടൽ ഷിപ്പിങ്. കപ്പലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എം.എസ്‌.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഈ മാസമാദ്യം സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ യു.എ.ഇയിൽ നിന്ന് മുംബൈയിലെ ജവഹർ ലാൽ നെഹ്റു പോർട്ടിലേക്ക് വരികയായിരുന്നു എന്നാണ് റിപ്പോർട്ട്.

തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന തന്ത്രപ്രധാന ജലപാതയാണ്‌ ഹോർമുസ് കടലിടുക്ക്. ഹോർമുസിന്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് യു.എ.ഇയും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്‌. പേർഷ്യൻ ഗൾഫിലെ പെട്രോളിയം കയറ്റുമതി രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽ മാർഗമാണിത്.

ശരാശരി 15 ടാങ്കറുകൾ 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്കൃത എണ്ണ ഓരോ ദിവസവും ഈ പാതയിലൂടെ വഹിച്ചു കൊണ്ടുപോകുന്നുവെന്നാണ് റിപ്പോർട്ട്. ലോകത്തിലെ കടൽ മാർഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40 ശതമാനവും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20 ശതമാനവും വരുമിത്.

167 കിലോമീറ്റർ ദൂരമാണ് ഈ കടലിടുക്കിനുള്ളത്. 96 കിലോമീറ്റർ മുതൽ 39 കിലോമീറ്റർ വരെയാണ് പല ഭാഗത്തുമുള്ള വീതി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News