പ്രായം വെറും 19, ഒറ്റയ്ക്ക് ലോകം പറന്നുകണ്ടു; ചരിത്രമെഴുതി സാറ

മഞ്ഞിൽ പൊതിഞ്ഞുകിടന്ന സൈബീരിയയിലേക്ക് പറക്കുമ്പോൾ മരണം പോലും മുന്നിൽകണ്ടിരുന്നുവെന്നാണ് സാറ മാധ്യമങ്ങളോട് പറഞ്ഞത്. മൈനസ് 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ആ സമയത്ത് സൈബീരിയയിലെ താപനില!

Update: 2022-01-21 14:43 GMT
Editor : Shaheer | By : Web Desk
Advertising

ബെൽജിയൻ-ബ്രിട്ടീഷ് പൈലറ്റായ സാറ റുഥർഫോഡിന് പ്രായം വെറും 19. ഈ ചെറിയ പ്രായത്തിൽ വലിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് സാറ. ഒറ്റയ്ക്ക് വിമാനം പറത്തി ലോകം മുഴുവൻ ചുറ്റിക്കണ്ട് നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണവൾ. ലോകം ഒറ്റയ്ക്ക് ചുറ്റിക്കാണുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതയെന്ന ലോകറെക്കോർഡ് ഇനി സാറയ്ക്ക് സ്വന്തമാണ്.

വെറും അഞ്ചുമാസം, കൃത്യമായിപ്പറഞ്ഞാൽ 155 ദിവസമെടുത്താണ് സാറ ഈ ചരിത്രം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലോകപര്യടനം പൂർത്തീകരിച്ച് തന്റെ കൊച്ചുവിമാനത്തിൽ സാറ റുഥർഫോഡ് ബെൽജിയത്തിലെ കോർട്രൈക് വെവൽഗെം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. തിരിച്ചിറങ്ങുമ്പോൾ കുടുംബവും മാധ്യമപ്രവർത്തകരും ഇഷ്ടക്കാരുമായി വലിയൊരു പട തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കാനുണ്ടായിരുന്നു.

നേരത്തെ നിശ്ചയിച്ചതിലും രണ്ടു മാസം വൈകിയാണ് യാത്ര പൂർത്തിയാക്കാനായത്. പ്രതികൂല കാലാവസ്ഥയായിരുന്നു നിശ്ചയിച്ച സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ തടസമായത്. നാട്ടിൽ തിരിച്ചിറങ്ങുമ്പോൾ സാറയെ അനുഗമിച്ച് ബെൽജിയൻ റെഡ് ഡെവിൽസിന്റെ നാല് വിമാനങ്ങളുടെ ആകാശാഭ്യാസപ്രടനങ്ങളുമുണ്ടായിരുന്നു. ബ്രിട്ടീഷ്, ബെൽജിയൻ പതാകകളിൽ പൊതിഞ്ഞ് മാധ്യമങ്ങൾക്കുമുന്നിലെത്തിയ സാറയ്ക്ക് പറയാനുണ്ടായിരുന്നത് ഇത്രയുമാണ്: ''എല്ലാമൊരു ഭ്രാന്ത് മാത്രമായിരുന്നു. അതേക്കുറിച്ച് കൂടുതലൊന്നും ആലോചിച്ചിട്ടില്ല(ഇനിയും അതെല്ലാം ഓർത്തെടുക്കാനിരിക്കുന്നേയുള്ളൂ)!''


അഞ്ചു ഭൂഖണ്ഡങ്ങൾ, 30 രാജ്യങ്ങള്‍, 51,000 കി.മീറ്റർ

അഞ്ചു ഭൂഖണ്ഡങ്ങൾ. 60 ഇടത്താവളങ്ങൾ. 30 രാജ്യങ്ങൾ. 51,000 കി.മീറ്റർ ദൂരമാണ് ഈ സോളോയാത്രയിൽ സാറ റുതർഫോഡ് താണ്ടിയത്.

ഏറ്റവും ദുഷ്‌ക്കരമായ യാത്രാനുഭവം സൈബീരിയയിലായിരുന്നു. മഞ്ഞിൽ പൊതിഞ്ഞുകിടന്ന സൈബീരിയയിലേക്ക് പറക്കുമ്പോൾ മരണം പോലും മുന്നിൽകണ്ടിരുന്നുവെന്നാണ് സാറ മാധ്യമങ്ങളോട് പറഞ്ഞത്. മൈനസ് 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ആ സമയത്ത് സൈബീരിയയിലെ താപനില!

സൈബീരിയയിലെ ഉത്തരധ്രുവ ഹിമപാളികൾ മുതൽ ഫിലിപ്പൈൻസിലെ കൊടുങ്കാറ്റ് വരെ അതിജീവിച്ചായിരുന്നു യാത്ര. കാലിഫോർണിയൻ കാടുകളിലെ വൻതീപിടിത്തത്തിൻരെ ചൂടും ചൂരും അനുഭവിക്കേണ്ടിവന്നു.


കഴിഞ്ഞ വർഷം ഓഗസ്റ്റ് 18നാണ് സോളോട്രിപ്പിന് തുടക്കം കുറിക്കുന്നത്. പൈലറ്റുമാരാണ് അച്ഛനുമമ്മയും. അതുകൊണ്ടുതന്നെ 14-ാം വയസു മുതൽ സാറയ്ക്ക് വിമാനം പറത്താനുള്ള പരിശീലനം ലഭിച്ചിരുന്നു. എന്നാൽ, ലൈസൻസ് ലഭിച്ചത് 2020ലാണ്. അച്ഛനുമമ്മയും തന്ന ഉറച്ച പിന്തുണ തന്നെയായിരുന്നു ഈ സ്വപ്‌നയാത്രയ്ക്കു പിന്നിലുള്ള ഏറ്റവും വലിയ ആത്മവിശ്വാസം. സ്വപ്‌നം യാഥാർത്ഥ്യമാക്കിയത് സ്‌ളോവാക്യൻ വിമാനനിർമാതാക്കളായ ഷാർക്കും. കമ്പനിയുടെ ഷാർക്ക് യുഎൽ വിമാനത്തിലായിരുന്നു സാറയുടെ ചരിത്രയാത്ര. സ്‌കൂൾ പഠനം നടത്തിയ ബ്രിട്ടനിലെ ഹാംപ്ഷറിലെ സ്‌കൂളും യാത്രയുടെ സ്‌പോൺസർമാരായി രംഗത്തെത്തിയപ്പോൾ പിന്നീട് യാത്രയ്ക്കുമുന്നിൽ മറ്റു തടസങ്ങളൊന്നുമുണ്ടായിരുന്നില്ല.

യാത്രയിൽ കണ്ടതും കേട്ടതുമെല്ലാം സ്വന്തം അനുഭവമായി ചുരുക്കാൻ സാറ ആഗ്രഹിക്കുന്നില്ല. സാഹസികയാത്രയുടെ എല്ലാ അനുഭവവും ലോകത്തോട് മുഴുവൻ പറയാനിരിക്കുകയാണ് അവർ. ജീവിതത്തിൽ വിചിത്രവും കൗതുകം നിറഞ്ഞതുമായ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർക്കും അതൊരു പ്രോത്സാഹനമായാലോ എന്നാണ് അവൾ ആലോചിക്കുന്നത്.

ഇനി അടുത്തൊന്നും പുതിയ സാഹസികയാത്രകൾ പ്ലാനിലില്ല. അമേരിക്കയിലോ ബ്രിട്ടനിലോ ഏതെങ്കിലും സർവകലാശാലകളിൽ ബിരുദപഠനത്തിന് ചേരണം. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അടുത്ത സെപ്റ്റംബറിൽ ഏതെങ്കിലും സർവകലാശാലകളിൽ പ്രവേശനം നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്.


റെക്കോർഡ് നേട്ടക്കാർ

അമേരിക്കക്കാരിയായ ഷീസ്ത വായിസ് ആയിരുന്നു ഇതുവരെ ലോകം ഒറ്റയ്ക്ക് വിമാനത്തിൽ ചുറ്റിക്കണ്ട ഏറ്റവും പ്രായംകുറഞ്ഞ വനിത. 2017ൽ 30-ാം വയസിലായിരുന്നു ഷീസ്തയുടെ റെക്കോർഡ് നേട്ടം. ബ്രിട്ടീഷ് പൗരനായ ട്രാവിസ് ലുഡ്‌ലോ ആണ് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷൻ. 2021 ജൂലൈയിൽ തന്റെ 18-ാം വയസിലായിരുന്നു ട്രാവിസ് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചത്.

Summary: The 19-year-old Belgian-British pilot Zara Rutherford set a world record as the youngest woman to fly solo around the world

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News