ആര്‍ക്കും തോല്‍പിക്കാനാവാത്ത ഐഎസ്

Update: 2016-08-18 08:28 GMT
Editor : Damodaran
ആര്‍ക്കും തോല്‍പിക്കാനാവാത്ത ഐഎസ്
Advertising

പശ്ചിമേഷ്യയുടെ അതിര്‍ത്തി പുനര്‍നിര്‍ണയം എന്ന വിശാല ലക്ഷ്യം പൂര്‍ത്തിയാകുന്നതോടെ മാത്രമേ, ഐഎസ് ഉള്‍പ്പടെയുള്ള മേഖലയിലെ സായുധ ഗ്രൂപ്പുകളുടെ ഭീഷണി ഇല്ലാതാവുകയുള്ളൂ. പശ്ചിമേഷ്യയിലെ രാഷ്ട്രീയം തീരുമാനിക്കുന്നത് അവിടെയുള്ള ജനങ്ങളല്ലെന്ന് സാരം......

സിറിയയുടെ വടക്കന്‍ മേഖലയിലെ നഗരമാണ് മന്‍ബീജ്. ഏറെ നാളായി ഐഎസിന് കീഴിലായിരുന്നു ആ നഗരം. കഴിഞ്ഞയാഴ്ച അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സും കുര്‍ദ് സൈനിക വിഭാഗമായ പെഷ്മെര്‍ഗയും ചേര്‍ന്ന് മന്‍ബീജ് ഐഎസില്‍ നിന്ന് മോചിപ്പിച്ചു. തങ്ങളുടെ നഗരം ഐഎസില്‍ നിന്ന് മോചിപ്പിച്ചത് മന്‍ബീജ് നിവാസികള്‍ തെരുവില്‍ ആഘോഷിച്ചു. സ്ത്രീകള്‍ മുഖം മറക്കുന്ന കറുത്ത തുണി പരസ്യമായി കത്തിച്ചു. തെരുവിലിറങ്ങി സിഗരറ്റ് വലിച്ചു. പുരുഷന്മാര്‍ പരസ്യമായി താടി വടിച്ചു.

മന്‍ബീജിലെ ജനങ്ങള്‍ ഐഎസിന്റെ പതനം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. സിറിയയിലെ ഒരു ചെറിയ ഇടനാഴി പോലുള്ള ഭൂപ്രദേശമാണ് ഐഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. റഖ കേന്ദ്രമാക്കിയാണ് ഐഎസ് ഈ മേഖല ഭരിക്കുന്നത്. ഒരു വ്യോമസേനയോ, നാവിക സേനയോ , കൃത്യമായ ഒരു നികുതി സംവിധാനമോ ഇല്ലാത്ത ഒരു തരം ചന്പല്‍കൊള്ളക്കാരുടേത് പോലുള്ള ഭരണസംവിധാനം. ഏറ്റവും കൂടിയാല്‍ മുപ്പതിനായിരത്തോളം പേര്‍ അവരുടെ സൈന്യത്തിലുണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്. കൃത്യമായ കണക്ക് ആരുടെ കൈവശവുമില്ല. എന്നിട്ടും, അമേരിക്കയും റഷ്യയുമുള്‍പ്പടെ നിരവധി രാഷ്ട്രങ്ങള്‍ ശ്രമിച്ചിട്ടും ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ കഴിയാത്തതെന്ത് കൊണ്ടാണ്? പതിമൂന്ന് കൊല്ലം ശ്രമിച്ചിട്ടും അഫ്ഗാനില്‍ താലിബാനെ തുരത്താന്‍ കഴിയാത്തത് എന്ത് കാരണങ്ങളാലാണോ ആ കാരണങ്ങള്‍ കൊണ്ട് തന്നെ.

പോയ വാരം അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, പ്രസിഡന്റ് ബരാക് ഒബാമയെയും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റ ണെയും ഐഎസിന്റെ സ്ഥാപകര്‍ എന്ന് വിളിച്ചിരുന്നു. ഐഎസ് രൂപപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ചവരെന്നായിരുന്നു പിന്നീട് അതിന് ട്രംപ് നല്‍കിയ വിശദീകരണം. ഇറാഖില്‍ ഐഎസ് എങ്ങനെ രൂപപ്പെട്ടുവെന്നും അതിന് അമേരിക്കയുടെ ഇറാഖ് അധിനിവേശം എത്ര മാത്രം സഹായകരമായിയെന്നും ഇന്ന് ലോകത്തിനറിയാം. സിറിയയില്‍ ബശാര്‍ വിരുദ്ധ വിമതര്‍ക്ക് ആദ്യഘട്ടത്തില്‍ ആയുധം നല്‍കിയതും ജോര്‍ദാനിലെ വിമത ക്യാന്പുകളിലൊന്നില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കൈന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രവും പുറത്ത് വന്നിരുന്നു.

ഐഎസിന്റെ രൂപീകരണത്തില്‍ അമേരിക്കക്ക് നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കുന്നത് തെളിവില്ലാതെയാണ്. എന്നാല്‍, ബശാറിനെ പുറത്താക്കാന്‍ അമേരിക്ക ആരെയെല്ലാം സായുധമായി സഹായിച്ചിട്ടുണ്ടെന്ന് ഇനിയും വ്യക്തമല്ല. എന്ന് മാത്രമല്ല, അമേരിക്ക സിറിയയില്‍ ആര്‍ക്കെല്ലാം ആയുധവും പണവും നല്‍കി സഹായിച്ചോ ആ ഗ്രൂപ്പുകള്‍ പിന്നീട് ഐഎസില്‍ ചേര്‍ന്നതായി പെന്റഗണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബശാറിനെ പുറത്താക്കുക എന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും സിറിയയില്‍ അമേരിക്കക്കോ സഖ്യകക്ഷികള്‍ക്കോ ഇല്ല. സിറിയയില്‍ നിന്ന് ബശാറിനെ പുറത്താക്കുക എന്ന ലക്ഷ്യം ഇസ്രായേലിനുമുണ്ട്. റഷ്യയുടെ സിറിയയിലെ ലക്ഷ്യം ബശാറിനെ നിലനിര്‍ത്തുക മാത്രമാണ്. ഇറാനും ഈ ലക്ഷ്യമുണ്ട്. മാത്രമല്ല, സിറിയയുടെയും ഇറാഖിന്റെയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് പുതിയ രാഷ്ട്രങ്ങള്‍ രൂപീകരിക്കാനുള്ള സാധ്യതയുമുണ്ട്. ഇസ്രായേലിന്റെ സമീപരാജ്യമായ സിറിയ തന്നെയാണ് ആദ്യ ലക്ഷ്യം. സുന്നി, ശിയ, കുര്‍ദ് വംശീയതകളുടെ അടിസ്ഥാനത്തില്‍ സിറിയയെയും ഇറാഖിനെയും വിഭജിക്കുകയാണ് ആ ലക്ഷ്യം. ഇതോടെ, ഇസ്രായേലിനെ സംബന്ധിച്ച് മേഖലയിലെ ഒരേയൊരു ഭീഷണി ഇറാനായി മാറും. ഇറാനാകട്ടെ, ഇസ്രായേലിന്റെ അയല്‍രാഷ്ട്രമല്ല. ഇസ്രായേലിനോട് ശത്രുതയുള്ള മറ്റൊരു അയല്‍രാഷ്ട്രമായ ലബനാനാകട്ടെ, വളരെ മുന്പേ തന്നെ വംശീയമായ പോരാട്ടങ്ങളാല്‍ കുപ്രസിദ്ധവുമാണ്.

മന്‍ബീജ് മോചിപ്പിച്ചു എന്ന വാര്‍ത്തമേ നാം കേള്‍ക്കുന്നുള്ളൂ. അവിടെയുണ്ടായിരുന്ന ഐഎസുകാര്‍ എവിടെപ്പോയി എന്നാരും ചോദിക്കുന്നില്ല. എന്നാല്‍ മന്‍ബീജ് മോചിപ്പിച്ച ശേഷം അവിടത്തെ പൌരന്മാരെ മറയാക്കി ഐഎസുകാര്‍ നഗരം വിട്ടുവെന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അവര്‍ എവിടെക്കാണ് പോയത്? എന്തു കൊണ്ട് അവരെ പിടികൂടുന്നില്ല? ഈ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമില്ല. അതേസമയം, മന്‍ബീജ് കീഴടക്കുന്നതിന്‍റെ ഭാഗമായി യുഎസ് പിന്തുണയുള്ള വിമതസൈന്യം ഐഎസുകാരെ നഗരം വിടാന്‍ അനുവദിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയിലും ഇറാഖിലും മാത്രമല്ല, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് കൂടി ഐഎസ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇതിനാവശ്യമായ വിഭവങ്ങള്‍ ലഭിക്കുന്നതെന്ന് മാത്രം ആര്‍ക്കും അറിയില്ല. ആദ്യം പറഞ്ഞ, പശ്ചിമേഷ്യയുടെ അതിര്‍ത്തി പുനര്‍നിര്‍ണയം എന്ന വിശാല ലക്ഷ്യം പൂര്‍ത്തിയാകുന്നതോടെ മാത്രമേ, ഐഎസ് ഉള്‍പ്പടെയുള്ള മേഖലയിലെ സായുധ ഗ്രൂപ്പുകളുടെ ഭീഷണി ഇല്ലാതാവുകയുള്ളൂ. പശ്ചിമേഷ്യയിലെ രാഷ്ട്രീയം തീരുമാനിക്കുന്നത് അവിടെയുള്ള ജനങ്ങളല്ലെന്ന് സാരം. ഇസ്രായേലിന്‍റെ സുരക്ഷയാണ് പശ്ചിമേഷ്യയിലെ സമാധാനത്തിന്‍റെ ആണിക്കല്ല്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News