മോദി പോകാത്ത യാത്രകള്‍

Update: 2016-09-20 08:54 GMT
Editor : Damodaran
മോദി പോകാത്ത യാത്രകള്‍
Advertising

എന്നാല്‍, സ്വന്തം കയ്യാല്‍ രൂപീകൃതമായ ഒരു കൂട്ടായ്മയില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി വിട്ടു നിന്നത് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉച്ചകോടിക്കിടെ പാകിസ്താന്‍ കശ്മീര്‍ വിഷയം കത്തിക്കാന്‍ ശ്രമിച്ചു

ളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയ രാഷ്ട്രത്തലവന്‍മാരില്‍ മുന്പന്തിയിലായിരിക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണ രീതിയില്‍ മിക്ക രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരാണ് വിദേശ പര്യടനങ്ങള്‍ കൂടുതല്‍ നടത്താറുള്ളത് . എന്നാല്‍, മോദിയുടെ യാത്രകളെ വിദേശ മാധ്യമങ്ങള്‍ സാകൂതം വീക്ഷിക്കുന്നുണ്ട്. ചെല്ലുന്ന രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ ആലിംഗനം ചെയ്തും ഊഷ്മളമായി ചിരിച്ചും അദ്ദേഹം നടത്തുന്ന സ്നേഹ പ്രകടനങ്ങള്‍ പുതിയ ഒരു നയതന്ത്ര രീതിയായി വിലയിരുത്തുന്നവരുണ്ട്. അധികാരമേറ്റ ആദ്യ മാസങ്ങളില്‍ അദ്ദേഹം തന്റെ ഐഫോണില്‍ രാഷ്ട്രത്തലവന്മാരുമൊത്തുള്ള സെല്‍ഫികള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്യുമായിരുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പടെയുള്ള വിദേശ മാധ്യമങ്ങള്‍ കളിയാക്കി തുടങ്ങിയതിനാലാകാം, ഇപ്പോള്‍ അദ്ദേഹത്തിന്റെ സെല്‍ഫി ഭ്രമത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിദേശയാത്രകള്‍ക്ക് കുറവൊന്നുമില്ല. നവംബറില്‍ അദ്ദേഹം പാകിസ്താനിലും ഡിസംബറില്‍ ജപ്പാനിലും സന്ദര്‍ശനം നടത്തും. പാകിസ്താനില്‍ പോകുന്നത് സാര്‍ക് ഉച്ചകോടിക്കാണ്.

മോദി ഏറ്റവുമധികം സന്ദര്‍ശിച്ച രാജ്യം അമേരിക്കയാണ്. യൂറോപ്പിലെയും ഏഷ്യയിലെയും ഒട്ടുമിക്ക രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമാണ് അദ്ദേഹം സന്ദര്‍ശനം നടത്താന്‍ ബാക്കിയുള്ള രാജ്യങ്ങള്‍ കൂടുതലുള്ളത്. 2014ല്‍ അധികാരമേറ്റ അദ്ദേഹം അമേരിക്കയും ആസ്ത്രേലിയയുമുള്‍പ്പടെ 9 രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. 2015ലായിരുന്നു അദ്ദേഹത്തിന്റെ ലോകയാത്രകള്‍ ഏറ്റവുമധികം. 28 രാജ്യങ്ങളാണ് ആ വര്‍ഷം അദ്ദേഹം സന്ദര്‍ശിച്ചത്. ഇതെഴുതുന്നത് വരെ ഈ വര്‍ഷം അദ്ദേഹം പതിനേഴ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ വിദേശസന്ദര്‍ശനത്തിന്റെ ശരാശരി പരിശോധിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹത്തിന് ലോകരാഷ്ട്രങ്ങളഉടെ മൂന്നിലൊന്ന് സന്ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ , അദ്ദേഹം ഒഴിവാക്കിയ രാഷ്ട്രങ്ങള്‍ പരിശോധിച്ചാല്‍ ഇനിയദ്ദേഹം ആ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള സാധ്യത കുറവാണ്. അദ്ദേഹം സന്ദര്‍ശിച്ച രാഷ്ട്രങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാനാണ് സാധ്യത. അദ്ദേഹം ഒഴിവാക്കിയ രാഷ്ട്രങ്ങള്‍ മിക്കതും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ദരിദ്രരാജ്യങ്ങളാണ്.


മോദിയുടെ വിദേശയാത്രകള്‍ കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമുണ്ടായിയെന്ന ചോദ്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ മോദിയുടെ നയതന്ത്ര വിജയമായാണ് ഈ യാത്രകളെ കാണുന്നതെങ്കില്‍ വിമര്‍ശകര്‍ ആ യാത്രകളെ കച്ചവട യാത്രകളോടാണുപമിക്കുന്നത്. ഇന്ത്യ നയതന്ത്രപരമായി പിന്നോട്ടടിക്കുകയാണ് ഈ കാലഘട്ടത്തിലെന്ന് അവര്‍ വാദിക്കുന്നു. എന്തായാലും, നരേന്ദ്ര മോദി പോയവാരം ഒരു യാത്ര ഒഴിവാക്കി. മറ്റെങ്ങോട്ടുമല്ല. ഇന്ത്യ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ നടന്നു. വെനസ്വേലന്‍ വിദേശകാര്യമന്ത്രി മോദിയെ നേരിട്ടെത്തി ക്ഷണിച്ചിരുന്നു ഉച്ചകോടിക്ക്. എന്നാല്‍, ഉപപ്രധാനമന്ത്രി ഹാമിദ് അന്‍സാരിയെ ഉച്ചകോടിക്കയച്ചു മോദി. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഈ കൂട്ടായ്മയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടി ഒഴിവാക്കുന്നത്. 1979ല്‍ ക്യൂബയിലെ ഹവാനയില്‍ നടന്ന ഉച്ചകോടിയില്‍ അന്നത്തെ ഇടക്കാല പ്രധാനമന്ത്രി ചരണ്‍ സിങ് പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ അസ്ഥിരത മൂലമായിരുന്നു.


ചേരിചേരാ പ്രസ്ഥാനം ലോകരാഷ്ട്രീയത്തിനും നയതന്ത്രത്തിനും ലോകസമാധാനത്തിനും നിര്‍ണായക സംഭാവനകളര്‍പ്പിച്ച ഒരു കൂട്ടായ്മയാണ്. 120 രാജ്യങ്ങള്‍ അംഗങ്ങളാണതില്‍. ശീതയുദ്ധകാലത്ത് അമേരിക്കന്‍ ചേരിയിലോ സോവിയറ്റ് ചേരിയിലോ സൈനികമായി നിലയുറപ്പിക്കേണ്ടതിലെന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രഖ്യാപനവും ആ നിലപാടിലേക്ക് അദ്ദേഹം ലോകത്തെ മൂന്നാം ലോക രാജ്യങ്ങളെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളുമാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണം. നെഹ്രുവിനോടൊപ്പം ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുന്നാസര്‍, യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാര്‍ണോ, ഘാന പ്രസിഡന്റ് ക്വാമി എന്‍ക്രൂമ എന്നിവരായിരുന്നു ഈ അനൌപചാരിക കൂട്ടായ്മയുടെ സ്ഥാപകര്‍. എന്തായാലും, ആ സമയത്ത് സ്വാതന്ത്ര്യം പ്രാപിച്ച ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും മൂന്നാം ലോകരാജ്യങ്ങള്‍ അതിലണിചേര്‍ന്നു.

സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതോടെ, ഈ മൂന്നാം ചേരിയുടെ പ്രസക്തി യഥാര്‍ത്ഥത്തില്‍ അവസാനിച്ചു. എന്നാല്‍, ആ നിലപാടിന് ലോകരാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടായിരുന്നു. പ്രത്യേകിച്ചും, ഇന്ത്യയുടെ ലോകരാഷ്ട്രീയത്തിലെ നിലപാട് ചേരിചേരായ്മയില്‍ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ ഏകധ്രുവ ലോകക്രമമെന്നോ ബഹുധ്രുവ ലോകക്രമമെന്നോ വിശേഷിപ്പിക്കാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗിക നയതന്ത്രത്തിലുപരി, ഈ രാജ്യങ്ങളുടെ മുഴുവന്‍ പിന്തുണ ഇന്ത്യ അര്‍ഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, സ്വന്തം കയ്യാല്‍ രൂപീകൃതമായ ഒരു കൂട്ടായ്മയില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി വിട്ടു നിന്നത് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉച്ചകോടിക്കിടെ പാകിസ്താന്‍ കശ്മീര്‍ വിഷയം കത്തിക്കാന്‍ ശ്രമിച്ചു. മിതഭാഷിയായ ഉപപ്രധാനമന്ത്രിക്ക് ഉറി ഭീകരാക്രമണം വേണ്ടത്ര ഫലപ്രദമായി ഉന്നയിക്കാന്‍ കഴിഞ്ഞുമില്ല.

മാറിയ വിദേശനയവും അമേരിക്കയോടുള്ള വിധേയത്വവും മോദിയല്ല തുടങ്ങി വെച്ചത്. എന്നാല്‍, മന്മോഹന്‍സിങിന്റെ കാലത്തെ അമേരിക്കയോ ഇന്ത്യയോ ലോകരാഷ്ട്രീയമോ അല്ല ഇപ്പോഴുള്ളത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News