രാജ്യത്ത് വർഗീയ കലാപങ്ങളിൽ 84 ശതമാനം വർധനവ്; മഹാരാഷ്ട്ര ഒന്നാമത്

2024ൽ 59 വർഗീയ കലാപങ്ങളാണ് രേഖപ്പെടുത്തിയത്

Update: 2024-12-31 16:54 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

മുംബൈ: 2024ൽ രാജ്യത്ത് വർഗീയ കലാപങ്ങളിൽ 84 ശതമാനം വർധനവെന്ന് റിപ്പോർട്ട്. 2023ൽ 32 കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2024ൽ ഇത് 59 ആയി ഉയർന്നു. ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ ഉണ്ടായത് മഹാരാഷ്ട്രയിലാണ് (12). ഉത്തർപ്രദേശിലും ബിഹാറിലും ഏഴ് വീതം വർഗീയ കലാപങ്ങളുണ്ടായി.

സെൻ്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസത്തിലെ (സിഎസ്എസ്എസ്) എഞ്ചിനീയറായ ഇർഫാനാണ് ഈ റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഇന്ത്യൻ എക്സ്പ്രസ്, ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, സഹഫത്ത്, ഇൻക്വിലാബ് എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങളും ആൾക്കൂട്ടകൊലപാതകങ്ങളും നടന്ന മഹാരാഷ്ട്ര ഒരു വർഗീയ കേന്ദ്രമായി മാറിയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ (നാല്), സരസ്വതി പൂജ നിമജ്ജനം (ഏഴ്), ഗണേഷോത്സവം (നാല്), ബലി പെരുന്നാൾ (രണ്ട്) എന്നിവ ഉൾപ്പെടെയുള്ള മതപരമായ ഉത്സവങ്ങളും ഘോഷയാത്രകളുമാണ് ഭൂരിഭാഗം വർഗീയ കലാപങ്ങൾക്കും തുടക്കമിട്ട​തെന്ന് സിഎസ്എസ്എസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വർഗീയ കലാപങ്ങൾക്ക് പുറമേ, 2024ൽ 12 ആൾക്കൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ ആൾക്കൂട്ട കൊലപാതകങ്ങളിൽ ആറെണ്ണം പശുസംരക്ഷണവുമായോ അല്ലെങ്കിൽ ഗോവധ ആരോപണവുമായോ ബന്ധപ്പെട്ടുള്ളതാണ്. മതങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ പേരിലും മുസ്‌ലിംകളെ അവരുടെ മതപരമായ അവകാശത്തിന്റെ പേരിൽ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടേയും പേരിലാണ് മറ്റു ആൾക്കൂട്ട കൊലപാതകങ്ങൾ. മഹാരാഷ്ട്രയിൽ മൂന്ന് ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നപ്പോൾ ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രണ്ടെണ്ണവും കർണാടകയിൽ ഒരെണ്ണവും റിപ്പോർട്ട് ചെയ്തു.

2024 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന പൊതു തെരഞ്ഞെടുപ്പുകളും മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും വർഗീയ കലാപങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവിന് കാരണമായി. അതുപോലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടുന്ന ജുഡീഷ്യറിയുടെ ഇടപെടൽ, ആൾക്കൂട്ട ആക്രമണങ്ങളിൽ ഹിന്ദുക്കളും ഇരയായ സംഭവങ്ങൾ എന്നിവക്ക് ശേഷം ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News