യുക്രൈന്‍ റയില്‍വെ സ്റ്റേഷനില്‍ റഷ്യയുടെ ആക്രമണം; 22 മരണം, 50 പേര്‍ക്ക് പരിക്ക്

സോവിയറ്റ് ഭരണത്തിൽ നിന്ന് തന്‍റെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ വാർഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു

Update: 2022-08-26 11:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

കിയവ്: യുക്രൈനിലെ റയില്‍വെ സ്റ്റേഷനില്‍ റഷ്യയുടെ റോക്കറ്റ് ആക്രമണം. ബുധനാഴ്ച ഉണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സോവിയറ്റ് ഭരണത്തിൽ നിന്ന് തന്‍റെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ വാർഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി പറഞ്ഞു.

കിഴക്കൻ യുക്രൈനിലെ റഷ്യൻ അധിനിവേശ ഡൊനെറ്റ്സ്കിന് പടിഞ്ഞാറ് 145 കിലോമീറ്റർ (90 മൈൽ) പടിഞ്ഞാറ് ചാപ്ലിൻ എന്ന ചെറുപട്ടണത്തിൽ റോക്കറ്റുകൾ ട്രെയിനിൽ പതിച്ചതായി യു.എൻ സുരക്ഷാ കൗൺസിലിലെ വീഡിയോ പ്രസംഗത്തിൽ സെലെൻസ്കി പറഞ്ഞു. നാലു തീവണ്ടികള്‍ക്ക് തീ പിടിച്ചതായി അദ്ദേഹം അറിയിച്ചു. ''ചാപ്ലിൻ ഇന്ന് നമ്മുടെ വേദനയാണ്. ഈ നിമിഷം വരെ 22 പേർ മരിച്ചു''. സെലെൻസ്‌കി പിന്നീട് വൈകിട്ട് ഒരു വീഡിയോയില്‍ പറഞ്ഞു. "ഞങ്ങളുടെ ഭൂമിയിൽ നിന്ന് ആക്രമണകാരികളെ  തുരത്തുക തന്നെ ചെയ്യും. ഈ തിന്മയുടെ ഒരു തുമ്പും നമ്മുടെ സ്വതന്ത്ര യുക്രൈനില്‍ അവശേഷിക്കില്ല," സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.


രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വിനാശകരമായ സംഘർഷത്തെ പരാമര്‍ശിച്ചുകൊണ്ട് 'അപകടകരമായ റഷ്യൻ പ്രകോപനങ്ങളുടെ' അപകടസാധ്യതയെക്കുറിച്ച് സെലെൻസ്കി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

സോവിയറ്റ് യൂണിയനിൽ നിന്ന് യുക്രൈന്‍ സ്വതന്ത്രമായതിന്‍റെ ഓർമ പുതുക്കുന്ന ദിനം കൂടിയായിരുന്നു ഇന്നലെ. വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നിരവധി യുക്രേനിയക്കാർ ദേശീയ വസ്ത്രത്തിന്‍റെ മാതൃകയിലുള്ള എംബ്രോയ്ഡറി ഷർട്ടുകൾ ധരിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ''റഷ്യ ആക്രമിച്ചപ്പോൾ യുക്രൈന്‍ പുനർജനിച്ചുവെന്നും റഷ്യൻ സൈന്യത്തെ പൂർണ്ണമായും തുരത്തുമെന്നും'' കഴിഞ്ഞ ദിവസം സ്വഹാബികളോട് നടത്തിയ വൈകാരിക പ്രസംഗത്തിൽ സെലെൻസ്കി പറഞ്ഞു. "ഫെബ്രുവരി 24ന് പുലർച്ചെ 4 മണിക്ക് ലോകത്ത് ഒരു പുതിയ രാഷ്ട്രം പ്രത്യക്ഷപ്പെട്ടു, അത് ജനിച്ചതല്ല, പുനർജനിച്ചു. കരയുകയോ നിലവിളിക്കുകയോ പേടിക്കുകയോ ചെയ്യാത്ത ഒരു രാഷ്ട്രം. ഓടിപ്പോകാത്തത്. തളരാത്തത്. ഒന്നും മറക്കാത്ത രാജ്യം'' യുക്രൈന്‍ പ്രസിഡന്‍റ് കിയവിലെ പ്രധാന സ്മാരകത്തിനു മുന്നില്‍ നിന്നു കൊണ്ട് വ്യക്തമാക്കി.

സെലെൻസ്‌കിയും ഭാര്യ ഒലീന സെലെൻസ്‌കയും കിയവിലെ സെന്‍റ് സോഫിയ കത്തീഡ്രലിൽ ഒരു ശുശ്രൂഷയ്ക്കായി മതനേതാക്കളോടൊപ്പം ചേരുകയും വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകത്തിൽ പൂക്കള്‍ അർപ്പിക്കുകയും ചെയ്തു. കിഴക്കൻ യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളും 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപും തിരിച്ചുപിടിക്കുമെന്നും സെലന്‍സ്കി പറഞ്ഞു. 



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News