ഒരൊറ്റ ആശുപത്രിയിൽ മാത്രം പ്രവേശിപ്പിച്ചത് 2346 സൈനികരെ; ഇസ്രായേലിന്റെ വാദം പൊളിയുന്നു
വ്യാഴാഴ്ച 16ഉം ബുധനാഴ്ച 12ഉം പേരെയാണ് സൊറോക മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്
ഗസയിൽ ഹമാസുമായി യുദ്ധം ആരംഭിച്ചശേഷം ഇതുവരെ 2346 പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ചതായി ഇസ്രായേലില സൊറോക മെഡിക്കൽ സെന്റർ അറിയിച്ചു. വ്യാഴാഴ്ച 16 പേരെയും ബുധനാഴ്ച 12 പേരെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇസ്രായേൽ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകൾക്ക് വിഭിന്നമാണിത്. ഹമാസുമായുള്ള യുദ്ധത്തിൽ ഇതുവരെ മൂവായിരത്തോളം പേർക്ക് മാത്രമാണ് പരിക്കേറ്റതെന്നാണ് ഇസ്രായേൽ ഭാഷ്യം. എന്നാൽ, ഒരു ആശുപത്രിയിൽ മാത്രം 2400ന് അടുത്ത് സൈനികരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഗസയിലെ യുദ്ധത്തിൽ പരിക്കേറ്റവരിൽ മൂവായിരത്തോളം പേർ സ്ഥിരമായ അംഗവൈകല്യത്തിന് വിധേയമായിട്ടുണ്ടെന്ന് ഇസ്രായേലി ചാനൽ 12 നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബർ ഏഴിന് ശേഷം തങ്ങളുടെ മൂവായിരത്തോളം സുരക്ഷ സൈനികർക്ക് പരിക്കേറ്റെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. 167 പേർ കൊല്ലപ്പെട്ടുവെന്നും ഇസ്രായേൽ പറയുന്നു.
എന്നാൽ, മാനസികക്ഷതമേറ്റവരുൾപ്പെടെ പരിക്കേറ്റവരുടെ എണ്ണം 20,000ന് അടുത്ത് എത്തുമെന്ന് നോൺപ്രോഫിറ്റ് ഡിസാബിൾഡ് വെറ്ററൻസ് ഓർഗനൈസേഷന്റെ തലവൻ ഏദൻ ക്ലൈമാൻ പറയുന്നു. യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ സഹായിക്കുന്ന സംഘടനയാണിത്.
പരിക്കേറ്റ സൈനികരെ ഇസ്രായേൽ അധികൃതർ കാര്യമായി ഗൗനിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ് അംഗവൈകല്യം ബാധിച്ചവർ സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.