യുഎസ് കൈക്കൂലി കേസ്; അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് എസ്ഇസി

21 ദിവസത്തിനകം എസ്ഇസിക്ക് മറുപടി നൽകണം

Update: 2024-11-23 14:19 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂയോർക്ക്: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ നിലപാട് വിശദീകരിക്കാൻ അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്ഇസി). സമൻസ് പ്രകാരം സംഭവത്തിൽ 21 ദിവസത്തിനകം എസ്ഇസിക്ക് മറുപടി നൽകണം.

അദാനിയുടെ അഹമ്മദാബാദിലെ 'ശാന്തിവൻ' ഫാം വസതിയിലേക്കും സഹോദരപുത്രൻ സാഗറിന്‍റെ അതേ നഗരത്തിലുള്ള 'ബോഡക്‌ദേവ്' വസതിയിലേക്കും ആണ് സമൻസ് അയച്ചത്. 'ഈ സമൻസ് അയച്ച് 21 ദിവസത്തിനുള്ളിൽ അറ്റാച്ച് ചെയ്തിരിക്കുന്ന പരാതിയു​ടെമേലോ അല്ലെങ്കിൽ ഫെഡറൽ റൂൾസ് ഓഫ് സിവിൽ റൂൾ 12ന് കീഴിലുള്ള ഒരു പ്രമേയത്തി​​ന്‍റെ മേലോ ഉള്ള മറുപടി താങ്കൾ എസ്ഇസിക്ക് നൽകണം' എന്ന് നവംബർ 21ന് ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി വഴി അയച്ച നോട്ടീസിൽ പറയുന്നു. പ്രതികരിച്ചില്ലെങ്കിൽ ആവശ്യപ്പെടുന്ന ഇളവിന് നിങ്ങൾക്കെതിരെ വിധി പുറപ്പെടുവിക്കുമെന്നും നിങ്ങളുടെ വിശദീകരണമോ പ്രമേയമോ കോടതിയിൽ ഫയൽ ചെയ്യണമെന്നും സമൻസിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൈക്കൂലി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജിയുടെ മുതിർന്ന ഉദ്യോഗസ്​ഥനുമായ സാഗർ അദാനി എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ അമേരിക്കൻ കോടതി അറസ്​റ്റ് വാറൻറ്​ പുറപ്പെടുവിച്ചത്. ഇന്ത്യയിൽ സൗരോർജ പദ്ധതി​ കരാർ ലഭിക്കാൻ വിവിധ സംസ്​ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്.

രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ യുഎസ് ഡോളറിലധികം, അതായത്​ ഏകദേശം 2,200 കോടി രൂപ കൈക്കൂലി നൽകിയെന്നാണ്​ കുറ്റം. അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചതിൽ നടപടി ആവശ്യപ്പെട്ടാണ് യുഎസ്​ സെക്യൂരിറ്റീസ്​ ആൻഡ്​ എക്​സ്​ചേഞ്ച്​ കമ്മീഷൻ കോടതിയെ സമീപിച്ചത്. സംഭവത്തിൽ അദാനി ഗ്രൂപ്പിലെ വിനീത്​ ജെയ്​ൻ, രഞ്​ജിത് ഗുപ്​ത, സിറിൾ കബേയ്​ൻസ്​, സൗരഭ്​ അഗർവാൾ, ദീപക്​ മൽഹോത്ര, രൂപേഷ്​ അഗർവാൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വഞ്ചനാ കേസിന്റെ​ വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ്​ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തിയിരുന്നു. അദാനി എന്റർപ്രൈസസ്​, അദാനി പോർട്​സ്​, അദാനി ടോട്ടൽ ഗ്യാസ്​, അദാനി ഗ്രീൻ, അദാനി പവർ, അദാനി വിൽമർ ആൻഡ്​ അദാനി എനർജി സൊല്യൂഷൻസ്​, എസിസി, അംബുജ, എൻഡിടിവി എന്നിവയുടെ ഓഹരികളാണ് ഇടിഞ്ഞിത്

എന്നാൽ, കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമാണെന്നാണ്​ അദാനിയുടെ വാദം. കേസ് നിയമപരമായി നേരിടുമെന്നും നിയമവ്യവസ്ഥയോട് വിധേയത്വം പുലർത്തുന്ന സ്ഥാപനമാണ് അദാനി ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News