പ്രതിമാസം 300യൂറോ തരാം; വീട്ടിൽനിന്ന് ഒന്ന് ഇറങ്ങിത്തരാമോ...?

സ്‌പെയിനിലെ യുവതീ യുവാക്കളോട് പ്രസിഡൻറ് പെഡ്രോ സഞ്ചസാണ് ചോദ്യം ഉയർത്തുന്നത്. വാടക വ്യവസായം സജീവമാക്കാനും യുവതയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപതരാക്കാനുമാണ് തീരുമാനം

Update: 2021-10-08 11:09 GMT
Advertising

''മാസതോറും 300യൂറോ തരാം; വീട്ടിൽനിന്ന് ഒന്ന് ഇറങ്ങിത്തരാമോ...?'' നിങ്ങളോടാണ് ഈ ചോദ്യമെങ്കിൽ എന്ത് ഉത്തരം പറയും?. സ്‌പെയിനിലെ യുവതീ യുവാക്കളോട് പ്രസിഡൻറ് പെഡ്രോ സഞ്ചസാണ് ചോദ്യം ഉയർത്തുന്നത്.

രാജ്യത്തെ വാടക വ്യവസായം സജീവമാക്കാനും യുവതയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപതരാക്കാനുമാണ് തീരുമാനം. വർഷത്തിൽ 23,725 യൂറോയിലധികം വരുമാനമില്ലാത്തവർക്ക് ആനുകൂല്യം ലഭ്യമാകും. പ്രൊപ്പോസലിന് ഇനി പാർലമെൻറിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്.

കൂടുതൽ ദരിദ്രകുടുംബങ്ങൾക്ക് വാടകയുടെ 40 ശതമാനം വരെ സഹായം കിട്ടുമെന്നും ഗവൺമെൻറ് അറിയിച്ചു.

രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയും എല്ലാവർക്കും ഭവനലഭ്യതയും ഉറപ്പാക്കുകയാണ് ഗവൺമെൻറ് ലക്ഷ്യമെന്ന് യു.എൻ ഹാബിറ്റാറ്റിന്റെ പരിപാടിയിൽ സംസാരിക്കവേ പ്രസിഡൻറ് സാഞ്ചസ് പറഞ്ഞു.

യൂറോസ്റ്റാറ്റ് ഡാറ്റ പ്രകാരം സ്‌പെയിൻ യുവത 30ാം വയസ്സിലാണ് പുതിയ പാർപ്പിടം കണ്ടെത്തുന്നത്. എന്നാൽ യൂറോപ്യൻ യൂനിയനിലുള്ള മറ്റു രാജ്യങ്ങളിൽ 26ാം വയസ്സിൽ കണ്ടെത്തുന്നു.

തൊഴിൽ സുരക്ഷിതത്വമില്ലായ്മയും കുറഞ്ഞ ശമ്പളവും കാരണമായി പലരും വീടുകൾ വാങ്ങുന്നില്ല. ബാങ്കുകൾ ഹൗസിംഗ് ലോണും കൊടുക്കുന്നില്ല. ഈ സാഹചര്യത്തിൽ വീടുകൾ വാടകക്കെടുക്കുന്നത് വർധിച്ചിരിക്കുകയാണ്.

യൂറോസ്റ്റാറ്റ് വിവരപ്രകാരം 2020 ൽ സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ഒരുമുറി അപ്പാർട്ട്‌മെൻറിന് 1000 യൂറോ വാടകയുണ്ട്. കുട്ടികളൊന്നുമില്ലാത്ത സ്‌പെയിൻ പൗരൻ 21,241 യൂറോ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ സമ്പാദനത്തിലെ യൂറോപ്യൻ ആവറേജ് 24,005 യൂറോയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News