യുക്രെയ്നിൽ കൂട്ടപ്പലായനം, ഉപരോധത്തിൽ വലഞ്ഞ് റഷ്യ; 1000 ദിനങ്ങൾ പിന്നിട്ട് റഷ്യ-യുക്രെയ്ൻ യുദ്ധം
2022 ഫെബ്രുവരി 24നാണ് യുക്രെയ്ന് നേരെ റഷ്യയുടെ ആക്രമണം ആരംഭിക്കുന്നത്
റഷ്യ-യുക്രെയ്ൻ യുദ്ധം 1000 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും വിനാശകരമായ യുദ്ധത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. ഇരുഭാഗത്തും നിരവധി മനുഷ്യർ മരിച്ചുവീണു. സാമ്പത്തിക വെല്ലുവിളികൾ ഇരു രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം, കൂടുതൽ ആയുധങ്ങൾ നൽകി ലോകരാജ്യങ്ങൾ കൈയയച്ച് സഹായിക്കുകയാണ്.
2022 ഫെബ്രുവരി 24നാണ് യുക്രെയ്ന് നേരെ റഷ്യയുടെ ആക്രമണം ആരംഭിക്കുന്നത്. നാറ്റോ സൈനിക സഖ്യത്തിൽ യുക്രെയ്ൻ ചേരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്.
എല്ലാ യുദ്ധങ്ങളെപ്പോലെയും സാധാരണക്കാരാണ് ഇവിടെയും ഇരകൾ. 2024 ആഗസ്റ്റ് വരെ 11,743 പേർ മരിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നു. 24,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 589 കുട്ടികൾ മരിച്ചതായി യുക്രെയ്ൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതേസമയം, റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിൽനിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനാൽ മരണസംഖ്യ ഇതിലും കൂടുമെന്നാണ് വിവരം.
ഇരുഭാഗത്തും ആധുനികമായ സന്നാഹങ്ങളോടെയാണ് യുദ്ധം. അതുകൊണ്ട് തന്നെ നാശനഷ്ടത്തിന്റെ വ്യാപ്തിയും വർധിക്കുന്നു. കൊല്ലപ്പെട്ടവരിൽ അധികവും സൈനികരാണ്. എത്ര സൈനികർ കൊല്ലപ്പെട്ടന്ന യഥാർഥ കണക്ക് ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. റഷ്യ പുറത്തുവിട്ട കണക്കിനേക്കാൾ കൂടുതൽ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. തീവ്രമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ ഒരു ദിവസം 1000 സൈനികർ വരെ നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകളുമുണ്ട്.
യുക്രെയ്നെ തളർത്തിയ യുദ്ധം
യുദ്ധം 1000 ദിവസം പിന്നിടുമ്പോൾ യുക്രെയ്നിൽ സൃഷ്ടിച്ച സാമൂഹിക ആഘാതം ഏറെ വലുതാണ്. 60 ലക്ഷത്തോളം പേർ വിദേശത്തേക്ക് പലായനം ചെയ്തു. 40 ലക്ഷത്തോളം പേർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തെ ജനസംഖ്യ 10 ദശലക്ഷമായി കുറഞ്ഞുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അനുമാനം. ഇത് യുദ്ധത്തിന് മുമ്പുള്ളതിന്റെ നാലിലൊന്ന് മാത്രമാണ്.
യുക്രെയ്നിന്റെ അഞ്ചിലൊരു ഭാഗം ഇപ്പോൾ റഷ്യയുടെ കൈവശമാണുള്ളത്. ഡോൺബാസ് മേഖലയുടെ ഭൂരിഭാഗവും അസോവ് തീരപ്രദശേവുമെല്ലാം ഇപ്പോൾ റഷ്യയുടെ അധീനതയിലാണ്. യുദ്ധത്തിന്റെ ആരംഭത്തിൽ വലിയ രീതിയിൽ പ്രദേശങ്ങൾ റഷ്യ പിടിച്ചടക്കിയിരുന്നു. എന്നാൽ, യുക്രെയ്നിന്റെ ഭാഗത്തുനിന്ന് തിരിച്ചടി കനത്തതോടെ റഷ്യൻ അധിനിവേശം മന്ദഗതിയിലായി.
യുക്രെയ്നിലെ മരിയുപോൾ പോലുള്ള നഗരങ്ങൾ പൂർണമായും നശിക്കപ്പെട്ടുകഴിഞ്ഞു. പലതും വാസയോഗ്യമല്ലാതായി. കഴിഞ്ഞവർഷം ഡോൺബാസിൽ റഷ്യ ആധിപത്യം നേടിയ സമയത്ത് തന്നെ, റഷ്യയിലെ കുർസ്ഖ് മേഖലയിൽ അതിർത്തി കടന്നുള്ള ആക്രമണം നടത്താൻ യുക്രെയ്ന് സാധിച്ചു.
യുദ്ധം യുക്രെയ്ന്റെ സമ്പദ്ഘടനക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോക ബാങ്കിന്റെയും മറ്റു സംഘടനകളുടെയും വിലയിരുത്തലുകൾ പ്രകാരം 2023 അവസാനത്തോടെ അടിസ്ഥാന സൗകര്യങ്ങളുടെ നാശം 152 ബില്യൺ ഡോളറാണ്. ഇവ പുനരുജ്ജീവിപ്പിക്കാൻ 486 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്ക്.
യുക്രെയ്നിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയും നിരന്തരം റഷ്യ ആക്രമണം അഴിച്ചുവിടുന്നുണ്ട്. അതിനാൽ തന്നെ സാധാരണക്കാർക്കും വ്യവസായങ്ങൾക്കും ആവശ്യമായ വൈദ്യുതിയടക്കം ലഭ്യമല്ലാത്ത അവസ്ഥയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി നിലച്ചത് ആഗോളതലത്തിൽ തന്നെ ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.
യുക്രെയ്നിന്റെ ജിഡിപിയുടെ 26 ശതമാനവും ചെലവഴിക്കുന്നത് ഇപ്പോൾ പ്രതിരോധത്തിന് വേണ്ടിയാണ്. ദിവസേനയുള്ള സൈനിക പ്രവർത്തനങ്ങൾക്ക് 140 മില്യൺ ഡോളറാണ് ചെലവെന്ന് ബജറ്റ് കമ്മിറ്റി തലവൻ റോക്സോളാന പിഡ്‍ലാസ ‘റോയിട്ടേഴ്സി’നോട് പറഞ്ഞു. പാശ്ചാത്യ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് യുക്രെയ്ൻ മുന്നോട്ടുപോകുന്നത്. സമ്പദ് വ്യവസ്ഥ നിലനിർത്താനും സാമൂഹിക സേവനങ്ങൾക്കുമായി ഇതുവരെ 100 ബില്യൺ ഡോളർ സഹായമാണ് ലഭിച്ചത്.
സൈനിക ഫണ്ട് തുടർന്ന് റഷ്യ
റഷ്യയുടെ സാമ്പത്തിക മേഖലയെയും യുദ്ധം കാര്യമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഉപരോധം, എണ്ണയടക്കമുള്ളവയുടെ കയറ്റുമതി കുറഞ്ഞത്, വർധിച്ച സൈനിക ചെലവ് എന്നിവ രാജ്യത്തെ ഗുരുതരമായി ബാധിച്ചു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും സൈന്യത്തിനുള്ള ഫണ്ട് നൽകുന്നത് നിർബാധം തുടരുകയാണ്.
കഴിഞ്ഞദിവസം റഷ്യക്ക് നേരെ ദീർഘദൂര മിസൈലുകൾ അയക്കാൻ യുക്രെയ്ന് അമേരിക്ക അനുവാദം നൽകിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഉത്തര കൊറിയ 70 മിസൈൽ ലോഞ്ചറുകളടക്കം റഷ്യക്ക് നൽകിയതായുള്ള റിപ്പോർട്ടുകളുമുണ്ട്. ശാശ്വത പരിഹാരം കാണുന്നതിനപ്പുറം വൈര്യം മൂർച്ഛിപ്പിക്കുകയാണ് ലോകരാജ്യങ്ങൾ. അതിനാൽ തന്നെ യുദ്ധം ഇനിയും അനന്തമായി നീളുമെന്നുറപ്പ്.