ഹമാസിനെ വിപ്ലവ പ്രതിരോധസംഘടനയെന്ന് വിശേഷിപ്പിച്ച് ബെർക്കിലി സർവകലാശാലയുടെ ലിറ്ററേച്ചർ കോഴ്‌സ്
'കയ്യേറ്റ കോളനിവത്കരണത്തിനെതിരെ പോരാടുന്ന വിപ്ലവ പ്രതിരോധ സംഘടന' എന്നാണ് കോഴ്സ് വിവരണത്തിൽ ഹമാസിനെ പരിചയപ്പെടുത്തുന്നത്.
കാലിഫോർണിയ: ഹമാസിനെ വിപ്ലവ പ്രതിരോധ സംഘടനയെന്ന് വിശേഷിപ്പിച്ച് അമേരിക്കയിലെ ബെർക്കിലി സർവകലാശാലയുടെ ലിറ്ററേച്ചർ കോഴ്‌സ്. കംപാരിറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെന്റ് കോഴ്‌സിനെ പരിചയപ്പെടുത്തുന്നത് 'കയ്യേറ്റ കോളനിവത്കരണത്തിനെതിരെ പോരാടുന്ന വിപ്ലവ പ്രതിരോധ സംഘടന' എന്നാണ്.
'ലെനിനിസവും അനാർക്കിസവും: സാഹിത്യത്തിനോടും സിനിമയോടും ഒരു സൈദ്ധാന്തിക സമീപനം' എന്നാണ് കോഴ്‌സിന്റെ പേര്. ഇതിന്റെ സിലബസിനെക്കുറിച്ചുള്ള വിശദികരണത്തിലാണ് തദ്ദേശിയരായ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി അധിനിവേശ ശക്തികൾ നടത്തുന്ന വംശഹത്യയെക്കുറിച്ചും സമഗ്രമായി വിശദീകരിക്കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി പറയുന്നത്.
കോഴ്‌സ് വിവരങ്ങൾ പുറത്തുവന്നതോടെ സർവകലാശാല ഹമാസിന്റെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപണമുയർന്നു. തുടർന്ന് യുണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽനിന്ന് കോഴ്‌സ് വിവരങ്ങൾ നീക്കം ചെയ്തു. വിവരങ്ങൾ നീക്കം ചെയ്ത കാര്യം സർവകലാശാല അധികൃതർ സ്ഥിരീകരിച്ചെങ്കിലും എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വിശദീകരിച്ചിട്ടില്ല.
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിലൊന്നാണ് കാലിഫോർണിയയിലെ യുസി ബെർക്കിലി. 1868ൽ സ്ഥാപിതമായ യൂണിവേഴ്‌സിറ്റി ഐറിഷ് തത്വചിന്തകനായ ജോർജ് ബെർക്കിലിയുടെ പേരിലാണ് അറിയപ്പെടുന്നത്. കാലിഫോർണിയയിലെ 10 ഗവേഷണ സർവകലാശാലകളിൽ ഏറ്റവും പഴക്കമുള്ളതും ലോകത്തിലെ പ്രമുഖ ഗവേഷണ സർവകലാശാലകളിൽ ഒന്നുമാണ് ബെർക്കിലി സർവകലാശാല.