നാല് ലക്ഷം ജനങ്ങളെ റഷ്യ ബന്ദിയാക്കിയെന്ന് മരിയുപോൾ മേയർ
വെള്ളവും വൈദ്യുതിയുമില്ലാതെ സ്ഥിതി ഗുരുതരം
താൽക്കാലിക വെടിനിർത്തലിന് ശേഷം മരിയുപോളിൽ റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ പറഞ്ഞു. ഇവിടെ വെള്ളവും വൈദ്യുതിയുമില്ലാതെ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ വൈദ്യുതി ഇല്ലാതായിട്ട്.
ഇന്നലെ മരിയുപോൾ, വോൾനോവാക്ക എന്നീ നഗരങ്ങളിൽ രക്ഷപ്രവർത്തനത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം രാത്രി 7.30 ന് സമയപരിധി അവസാനിച്ച ശേഷം ശക്തമായ അക്രമണമാണ് റഷ്യ തുടരുന്നത്. മരിയുപോൾ പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. മരിയുപോളിൽ നിന്ന് രണ്ട് ലക്ഷം പേരെയും വോൾനോവാക്കയിൽ നിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്.
അതേ സമയം, റഷ്യയുടെ ആക്രമണം കൂടുതൽ ശക്തമായതിനെ തുടർന്ന് പ്രതിരോധനത്തിനായി നാറ്റോയോട് യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും യുക്രൈൻ ആവശ്യപെട്ടിട്ടുണ്ട്. അതിനിടെ റഷ്യ യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ചകൾ നാളെ നടക്കും.
യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശം 11ാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ, മാസ്റ്റർ കാർഡ് സ്ഥാപനങ്ങൾ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ, മാസ്റ്റർ കാർഡുകൾ റഷ്യയിൽ ഉപയോഗിക്കാനാകില്ലെന്നും കമ്പനികൾ അറിയിച്ചു.