ട്രംപിന്‍റെ രണ്ടാം വരവും കമലയുടെ വീഴ്ചയും; പിന്നിലെ അഞ്ച് കാരണങ്ങള്‍

ഡെമോക്രാറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ (47.5) മുന്‍ പ്രസിഡന്‍റ് 51 ശതമാനം ജനകീയ വോട്ടുകള്‍ നേടിയിട്ടുണ്ട്

Update: 2024-11-07 05:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയെ ചരിത്രവിജയത്തിലേക്ക് നയിച്ച ട്രംപ് ഇത്തവണ ഇലക്ടറല്‍ കോളജ് വോട്ടിന് പുറമെ കൂടുതല്‍ പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് അധികാരത്തിലെത്തുന്നത്.

ഡെമോക്രാറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ (47.5) മുന്‍ പ്രസിഡന്‍റ് 51 ശതമാനം ജനകീയ വോട്ടുകള്‍ നേടിയിട്ടുണ്ട്. കൂടാതെ ഇലക്ടറൽ കോളേജിൽ 300-ലധികം വോട്ടുകൾ നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. 291ലധികം ഇലക്ടറല്‍ കോളേജുകള്‍ ട്രംപ് നേടിയിട്ടുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004-ന് ശേഷം റിപ്പബ്ലിക്കൻമാർ ഇത്രയധികം പോപ്പുലര്‍ വോട്ട് നേടുന്നത് ഇതാദ്യമായിട്ടാണ്. അന്ന് ജോർജ്ജ് ഡബ്ല്യു ബുഷ് ദേശീയ വോട്ടിൻ്റെ 50.7% നേടിയപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോൺ കെറി 48.3% വോട്ടാണ് നേടിയത്. 1988ന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. അന്നത്തെ വൈസ് പ്രസിഡൻ്റ് ജോർജ് എച്ച്.ഡബ്ള്യൂ ബുഷ് മുൻഗാമിയായ റൊണാൾഡ് റീഗൻ്റെ പ്രഭാവത്തില്‍ 53% ദേശീയ വോട്ടുകളും 426 ഇലക്ടറൽ കോളേജ് വോട്ടുകളും നേടിയിരുന്നു.

ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന് 223 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. 1892-ലെ തെരഞ്ഞെടുപ്പിൽ ഗ്രോവർ ക്ലീവ്‌ലാൻഡ് വൈറ്റ് ഹൗസ് വീണ്ടെടുത്തതിനുശേഷം അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ മുൻ പ്രസിഡൻ്റാണ് ട്രംപ്. ട്രംപിന്‍റെ വിജയത്തിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഭരണവിരുദ്ധവികാരം വോട്ടായി മാറിയപ്പോള്‍

ഇഞ്ചോടിഞ്ച് പോരാട്ടമെന്നും പോരാട്ടം കടുക്കുമെന്നുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കിടെ ഇതിനെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ട്രംപ് നിഷ്പ്രയാസം ജയിച്ചുകയറിയത്. അമേരിക്കന്‍ ജനതയുടെ ഭരണ വിരുദ്ധവികാരം വോട്ടായി മാറിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ദ ടെലഗ്രാഫിലെ ലേഖനത്തില്‍ പറയുന്നതുപോലെ 'ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോള്‍ അധികാരികള്‍ക്ക് വിജയം വിദൂരമാണ്'. ജോ ബൈഡൻ്റെ ഭരണത്തിന്‍ കീഴിലുള്ള കഴിഞ്ഞ നാല് വർഷം ഭൂരിഭാഗം അമേരിക്കക്കാരെയും ദുരിതത്തിലാക്കി. പണപ്പെരുപ്പം അതിരൂക്ഷമായി, തൊഴിലില്ലായ്മ വർധിച്ചു, സമ്പദ്‌വ്യവസ്ഥ കുത്തനെയുള്ള മാന്ദ്യത്തിന് സാക്ഷ്യം വഹിച്ചു. യുഎസിന്‍റെ സാമ്പത്തിക മാന്ദ്യത്തിന്‍റെ പ്രധാന കാരണക്കാരന്‍ ബൈഡനാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് പ്രതിരോധത്തിലും ബൈഡന്‍ പരാജയമായിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം തടയാനോ ഗസ്സ യുദ്ധം തടയാനോ മുന്‍കൈയെടുത്തില്ലെന്നും എതിരാളികള്‍ ആരോപിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകൾ കുതിച്ചുയരുകയും തൊഴിലില്ലായ്മ ചരിത്രപരമായി താഴ്ന്ന നിലയിലേക്ക് താഴുകയും പണപ്പെരുപ്പം നിയന്ത്രിക്കാനാകുകയും ചെയ്ത ട്രംപ് പ്രസിഡൻസിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബൈഡന്‍റെ നാല് വര്‍ഷം അമേരിക്കയുടെ ദുരിതകാലമായിരുന്നുവെന്നാണ് റിപ്പബ്ലിക്കന്‍മാരുടെ വിലയിരുത്തല്‍. താനായിരുന്നു യുഎസ് പ്രസിഡന്‍റെങ്കില്‍ ഗസ്സ യുദ്ധം തന്നെ ഉണ്ടാകില്ലെന്നായിരുന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ആദ്യസംവാദത്തില്‍ ട്രംപ് പറഞ്ഞത്. ഇറാന് അനുകൂലമായി ബൈഡന്‍ സര്‍ക്കാര്‍ നിന്നതുകൊണ്ടാണ് യുദ്ധമുണ്ടായതെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. കമല ഹാരിസ് ഇസ്രായേല്‍ വിരുദ്ധയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ട്രംപ് കമല അധികാരത്തിലെത്തിയാന്‍ ഇസ്രായേല്‍ തന്നെ ഇല്ലാതാകുമെന്നായിരുന്നു പ്രചരിപ്പിച്ചത്.

നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടായിരുന്നു ട്രംപിന്‍റെ വിജയത്തിലേക്ക് നയിച്ച മറ്റൊരു ഘടകം. അധികാരത്തിലില്ലാത്തപ്പോഴും അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു. മുന്‍പ് പ്രസിഡന്‍റായിരുന്ന കാലത്ത് വിദേശ തൊഴിലാളികള്‍ക്കുള്ള വിസാ ചട്ടം കടുപ്പിക്കാനും നിയന്ത്രണങ്ങളേര്‍പ്പെടുത്താനും ശ്രമം നടത്തിയിരുന്നു. യുഎസിനും മെക്സിക്കോയ്ക്കും ഇടയില്‍ മതില്‍ കെട്ടി കുടിയേറ്റം തടയുമെന്ന കഴിഞ്ഞ തവണത്തെ വാഗ്ദാനം ഇത്തവണയും ഉറപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരിന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും അറിയിച്ചിരുന്നു.

2. ഗ്രാമീണ മേഖലയിലെ ട്രംപ് തരംഗം

ട്രംപിന്‍റെ രണ്ടാമൂഴത്തിന് ഗ്രാമീണ വോട്ടര്‍മാര്‍ വഹിച്ച പങ്ക് ചെറുതല്ല. 1960കള്‍ മുതല്‍ ഇവിടുത്തെ വോട്ടര്‍മാര്‍ റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പമാണ്. 2020 ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ആധിപത്യം പുലർത്തിയ ഗ്രാമീണ മേഖലയില്‍ ഡെമോക്രാറ്റുകള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാഴായിപ്പോയെന്നാണ് തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിക്കുന്നത്. സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയ ട്രംപ് കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി. ലിബറൽ വരേണ്യവർഗങ്ങളുടെ പാർട്ടിയായി കണക്കാക്കപ്പെടുന്ന ഡെമോക്രാറ്റുകള്‍ക്ക് പൊതുവെ ഗ്രാമീണ മേഖലയിലെ വോട്ടര്‍മാരെ കണ്ണില്‍ പിടിക്കാറില്ല. 1960-കൾ മുതൽ യുഎസിലുടനീളം ഡെമോക്രാറ്റുകൾക്ക് ഗ്രാമീണ വോട്ടർമാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

1992ലും 96ലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബില്‍ ക്ലിന്‍റണ്‍ ഗ്രാമീണ വോട്ടിന്‍റെ 49 ശതമാനം മാത്രമാണ് നേടിയത്. എന്നാൽ 2008 ആയപ്പോഴേക്കും ബരാക് ഒബാമക്ക് ഗ്രാമീണ മേഖലയില്‍ നിന്നും ലഭിച്ച വോട്ട് 43 ശതമാനമായി കുറഞ്ഞു. 2020ല്‍ ജോ ബൈഡനും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. വെറും 35 ശതമാനം വോട്ട് മാത്രമാണ് ബൈഡന് ലഭിച്ചത്. 2016 ലെ 59% ൽ നിന്ന് 2020 ൽ ട്രംപ് ഗ്രാമീണ വോട്ടിൻ്റെ 65% നേടിയെന്നാണ് പ്യൂ റിസർച്ച് സെൻ്റർ കണക്കുകള്‍ വ്യക്തമാക്കുന്നത്.

3.ന്യൂനപക്ഷങ്ങളുടെ പിന്തുണ

അമേരിക്കയിലെ ന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാര്‍ട്ടിയാണ് തങ്ങളെന്ന് സ്വയം വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റുകള്‍. ന്യൂനപക്ഷ വോട്ടർമാർ, പ്രത്യേകിച്ച് കറുത്ത വംശജര്‍ പരമ്പരാഗതമായി പാർട്ടിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത്തവണ ട്രംപിന് ഡെമോക്രാറ്റിക് അടിത്തറയിലേക്ക് ആഴത്തിലുള്ള കടന്നുകയറ്റം നടത്താനും അവരുടെ പിന്തുണ നേടാനും കഴിഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏതൊരു റിപ്പബ്ബിക്കന്‍ സ്ഥാനാര്‍ഥിയെക്കാളും കറുത്ത വംശജരുടെ വോട്ടിന്‍റെ വലിയ ഒരനുപാതം ട്രംപ് നേടിയിട്ടുണ്ടെന്നാണ് സൂചന. ജോർജിയയിലെ ബാൾഡ്‌വിൻ കൗണ്ടിയില്‍ 40 ശതമാനം വോട്ടര്‍മാരും ആഫ്രിക്കൻ അമേരിക്കക്കാരാണ്. 2004ന് ശേഷം ഇവര്‍ ആദ്യമായി ഒരു റിപ്പബ്ബിക്കന്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. നെവാഡ, അരിസോണ സംസ്ഥാനങ്ങളിൽ വോട്ടിൻ്റെ വലിയ പങ്ക് ട്രംപ് നേടിയിട്ടുണ്ട്.

4. ട്രംപിനൊപ്പം നിന്ന പുരുഷ വോട്ടര്‍മാര്‍

റൂറൽ അമേരിക്കയിലും ന്യൂനപക്ഷങ്ങൾക്കിടയിലും ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചത് പുരുഷ വോട്ടർമാരാണ്. കമല ഹാരിസ് മത്സരഗത്തെത്തിയതിനു ശേഷമുള്ള അഭിപ്രായ സര്‍വെകളിലെല്ലാം പുരുഷ വോട്ടര്‍മാരുടെ പ്രിയസ്ഥാനാര്‍ഥി ട്രംപായിരുന്നു. സ്ത്രീകളുടേത് കമലയും. സെപ്തംബറിലെ ക്വിനിപിയാക് സർവകലാശാലാ സർവേയിൽ സ്ത്രീവോട്ടർമാർക്കിടയിൽ കമലയ്ക്ക് ട്രംപിനെക്കാൾ 12 ശതമാനം മുൻതൂക്കം കിട്ടിയപ്പോൾ പുരുഷവോട്ടർമാർക്കിടയിൽ 14 ശതമാനത്തിന്‍റെ മേൽക്കൈ ട്രംപിനു ലഭിച്ചിരുന്നു. ന്യൂയോർക്ക് ടൈസ്‌/സിയെന കോളേജ് സർവേയിലും പുരുഷവോട്ടർമാർക്കിടയിൽ കമലയെക്കാൾ 11 ശതമാനം പോയിന്‍റിന് മുന്നിലായിരുന്നു ട്രംപ്.

വെള്ളക്കാരായ പുരുഷന്‍മാരാണ് ട്രംപിന്‍റെ പ്രധാന അനുയായികള്‍. ഹിസ്പാനിക്-അമേരിക്കൻ, ആഫ്രിക്കൻ-അമേരിക്കൻ പുരുഷന്മാർക്കിടയിലും ട്രംപിനോട് പ്രതിപത്തിയുണ്ട്. ഹിസ്പാനിക്കുകളെ (സ്പാനിഷ് ഭാഷ സംസാരിക്കുന്നരോ, സ്പാനിഷ് മാതൃഭാഷയായ രാജ്യങ്ങളിൽ വേരുകളുള്ളവരോ) നിരന്തരം അധിക്ഷേപിക്കുകയും കുടിയേറ്റവിരുദ്ധത പ്രസംഗിക്കുകയും ചെയ്തിട്ടും ഇവർ ട്രംപിനെ പിന്തുണച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം.

നിരന്തം സ്ത്രീ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്ന ട്രംപ് വനിതാ വോട്ടര്‍മാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നില്ല.  2022ലെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം എടുത്തുകളഞ്ഞ സുപ്രിം കോടതി വിധിയെ പരസ്യമായി അനുകൂലിച്ച ഡോണള്‍ഡ് ട്രംപിനെതിരായിരുന്നു അമേരിക്കയിലെ ഭൂരിഭാഗം സ്ത്രീകളും. മൊത്തത്തിൽ, ട്രംപ് പുരുഷന്മാർക്കിടയിൽ ഏകദേശം 22 ശതമാനം പോയിൻ്റ് ലീഡ് നേടി. സ്ത്രീകളിൽ കമല ഹാരിസ് 14 ശതമാനം പോയിൻ്റ് മാത്രമാണ് നേടിയത്.

5.ഡെമോക്രാറ്റുകളുടെ കാപട്യം, ട്രംപിന്‍റെ ആധികാരികത

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയുടെ ലിബറല്‍ മൂല്യങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെന്ന് കരുതുന്നവരാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ ബൈഡന്‍ പ്രസിഡന്‍സിയുടെ കാലത്ത് ഇത് എത്രത്തോളം പ്രാവര്‍ത്തികമായിട്ടുണ്ടെന്നാണ് റിപ്പബ്ബിക്കന്‍മാരുടെ ചോദ്യം. ഗസ്സയിലെ ഇസ്രായേലിന്‍റെ നടപടികളും സയണിസ്റ്റ് രാഷ്ട്രത്തിന് ബൈഡന്‍ ഭരണകൂടം നല്‍കിയിരുന്ന ഉറച്ച പിന്തുണയും ഇതിന് ഉദാഹരണമാണ്. ലിബറൽ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് എങ്ങനെയാണ് ഫലസ്തീൻ പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്ന ഒരു രാഷ്ട്രത്തെ പിന്തുണക്കാന്‍ സാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഗസ്സയിലെ വംശഹത്യക്ക് ബൈഡന്‍ ഭരണകൂടം ഉത്തരവാദികളാണെന്നാണ് പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്തിരുന്ന അറബ് -അമേരിക്കക്കാര്‍ എന്നറിയപ്പെടുന്ന മുസ്‍ലിം ജനവിഭാഗത്തിന്‍റെ വിലയിരുത്തല്‍. അറബ്-അമേരിക്കന്‍ വംശജര്‍ ഭൂരിഭാഗമുള്ള മിഷിഗണ്‍ സംസ്ഥാനത്തിലെ ട്രംപിന്‍റെ വിജയം ഇതിന് തെളിവാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News