യാത്രമധ്യേ പൊടുന്നനെ താഴ്ന്ന് വിമാനം; മേൽക്കൂരയിലിടിച്ച് വീണ് യാത്രക്കാർ
ബോയിംഗിനെതിരെ കനത്ത വിമർശനം
ഓസ്‌ട്രേലിയ: സിഡ്‌നിയിൽ നിന്നും ഓക്ക്‌ലൻഡിലേക്ക് തിരിച്ച ബോയിംഗ് 787-9 വിമാനം ആകാശമധ്യേ പെട്ടന്ന് താഴ്ന്ന് 50 പേർക്ക് പരിക്ക്. ചിലിയൻ എയർലൈൻസ് കമ്പനിയായ ലാറ്റത്തിലാണ് സംഭവം. പൊടുന്നനെയുള്ള താഴ്ചയിൽ യാത്രക്കാരും ജീവനക്കാരും സീറ്റിൽ നിന്നും തെറിച്ച് മേൽക്കൂരയിലിടിച്ച് വീഴുകയായിരുന്നു. ഇതിൽ ഏഴ് യാത്രക്കാരെയും മൂന്ന് ജീവനക്കാരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രയിൽ ബുദ്ധിമുട്ട് സംഭവിച്ചെങ്കിലും വിമാനം പ്രശ്‌നങ്ങളൊന്നുമില്ലാതെ ഓക്ക്‌ലൻഡിൽ ഇറക്കി. വിമാനത്തിന് സാങ്കേതിയ തകരാർ സംഭവിച്ചതാണ് വിമാനം താഴാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവസമയം യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാൽ സീറ്റിൽ നിന്നും തെറിക്കുകയായിരുന്നു. പലരുടെയും ശരീരം ഇടിച്ച് വിമാനത്തിന്റെ മേൽക്കൂര പൊളിയുകയും പലയിടത്തും രക്തം പറ്റുകയും ചെയ്തു.
അടുത്തിടെ പലതവണയായി വിമാനങ്ങൾക്ക് തകരാർ സംഭവിക്കുന്നതിനാൽ കടുത്ത വിമർശനമാണ് ബോയിംഗ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. 16,000 അടിയിൽ നിന്നും ബോയിംഗ് വിമാനത്തിന്റെ ഡോർ തകർന്നുപോയത് വാർത്തയായിരുന്നു. കഴിഞ്ഞ ആഴ്ച വ്യത്യസ്ത സംഭവങ്ങളിൽ പറന്നുയർന്ന ബോയിംഗിന്റെ ചക്രം ഊരിത്തെറിച്ചതും ലാന്റ് ചെയ്യുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് തെന്നി പുല്ലിൽ കുടുങ്ങിയതും വാർത്തയായിരുന്നു.