പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ഗുരുതര പരിക്ക്; മുഖത്ത് 1000ലേറെ തുന്നിക്കെട്ട്
പെൺകുട്ടിക്ക് ഇനി പുഞ്ചിരിക്കാൻ പോലും കഴിയില്ലെന്ന് ഒരു കുടുംബ സുഹൃത്ത് പറഞ്ഞു.
വാഷിങ്ടൺ: വളർത്തുനായയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് ഗുരുതര പരിക്ക്. മാരകമായ മുറിവുകളെ തുടർന്ന് കുട്ടിയുടെ മുഖത്ത് 1000ലേറെ തുന്നിക്കെട്ടാണ് ഇടേണ്ടിവന്നത്. അമേരിക്കയിലെ ചെസ്റ്റർവില്ലിൽ ഫെബ്രുവരി 18നാണ് ഞെട്ടിക്കുന്ന സംഭവം. ലില്ലി എന്ന പെൺകുട്ടിയാണ് നായയുടെ ആക്രമണത്തിനിരയായത്.
കുട്ടി സുഹൃത്തിനൊപ്പം അയൽവാസിയുടെ വീട്ടിൽ കളിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സുഹൃത്തിന്റെ അമ്മ വളർത്തിയിരുന്ന ഒരു പെൺ പിറ്റ് ബുൾ നായയാണ് കുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിതാക്കൾ പിന്നീട് ബോസ്റ്റണിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
"ലില്ലി മേശയ്ക്കരികിൽ ഇരിക്കുകയായിരുന്നു. ഉടൻ നായ അവളെ ആക്രമിച്ചു. കഴുത്തിൽ കടിക്കാനും നായ ശ്രമിച്ചു. ഈ സമയം ബാത്ത്റൂമിലായിരുന്നു സുഹൃത്തിന്റെ അമ്മ. അവർ പുറത്തിറങ്ങിയപ്പോൾ സുഹൃത്തായ കുട്ടി അമ്മയോട് വിവരം പറഞ്ഞ് നിലവിളിച്ചു. ഉടൻ അവർ അവിടേക്ക് പോയതോടെ നായ കുട്ടിയെ വിട്ടയയ്ക്കുകയായിരുന്നു"- പരിക്കേറ്റ കുട്ടിയുടെ മാതാവ് ഡോറോത്തി നോർട്ടൻ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം ലില്ലിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്ന് നോർട്ടൻ പറഞ്ഞു. അതേസമയം, കുടുംബസുഹൃത്തായ സി.ജെ പിച്ചർ പെൺകുട്ടിക്കായി ധനസമാഹരണം ആരംഭിച്ചു. ലില്ലിയുടെ ഉമിനീർ ഗ്രന്ഥികൾ പ്രവർത്തിക്കുന്നില്ലെന്നും പേശികൾക്ക് വളരെയധികം തകരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്ക് ഇനി പുഞ്ചിരിക്കാൻ പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ''അവളുടെ കണ്ണുകൾക്ക് താഴെ മുതൽ താടിയുടെ താഴെ വരെ 1000ലധികം തുന്നലുകൾ ഉണ്ട്. ഈ സംഭവം ആ പാവം പെൺകുട്ടിയുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു"- പിച്ചർ പറഞ്ഞു.
കുട്ടി മുഖത്ത് ചൊറിയാതിരിക്കാൻ ഒരാഴ്ചയെങ്കിലും മയക്കിക്കിടത്തേണ്ടിവരുമെന്നും ഒരു ശ്വസന ട്യൂബ് ആവശ്യമായി വരുമെന്നുമാണ് റിപ്പോർട്ടുകൾ.