ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ആറ് ലക്ഷം പേർ, താങ്ങാവുന്നതിലും നാലിരട്ടി- യു.എൻ ഏജൻസി

നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ നിരവധി ആളുകൾ തെരുവിൽ ഉറങ്ങുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു.

Update: 2023-10-25 13:51 GMT
Advertising

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണം ശക്തമാകുന്നതിനിടെ ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞുകവിയുകയാണ്. 150 അഭയാർഥി കേന്ദ്രങ്ങളിലായി ആറുലക്ഷം​ പേരാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു. ഉൾക്കൊള്ളാവുന്നതിലും നാലുമടങ്ങ് കൂടുതലാണിതെന്നും യു.എൻ.ആർ.ഡബ്ല്യു.എ കമ്മീഷണർ ജനറൽ ഫിലിപ് ലസാറിനി വ്യക്തമാക്കുന്നു. 

നിലവിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ നിരവധി ആളുകൾ തെരുവുകളിൽ ഉറങ്ങുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഇന്ധനക്ഷാമം 40 കേന്ദ്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. 

ഗസ്സയില്‍ ഇന്ധനക്ഷാമം കനത്തതോടെ ആശുപത്രികൾ ഗുരുതര പ്രതിസന്ധിയിലാണ്. ഇന്ന് അർധരാത്രിയോടെ ആശുപത്രികൾ പ്രവർത്തനം നിർത്താൻ നിർബന്ധിതമാകുമെന്ന് യു.എൻ ഏജൻസി അറിയിച്ചു. 130 നവജാത ശിശുക്കളടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്. ഗസ്സയിലെ മൂന്നിൽ ഒന്ന് ആശുപത്രിയും നിലവിൽ അടച്ചു. ഇന്ധനം ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി. 24 മണിക്കൂറിനിടെ 344 കുട്ടികളടക്കം 756 പേരാണ് കൊല്ലപ്പെട്ടത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News