റമദാനിലും കൊടും ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍; ഗസ്സയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 67 പേര്‍ കൂടി കൊല്ലപ്പെട്ടു
നെതന്യാഹു സര്‍ക്കാറിന്റെ ഭാവി അപകടത്തിലെന്ന് അമേരിക്കയുടെ വാര്‍ഷിക ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഗസ്സസിറ്റി: റമദാനിലും ഗസ്സയില്‍ ഇസ്രായേലിന്റെ കൊടും ക്രൂരത. വിശുദ്ധ മാസത്തിന്റെ ആദ്യദിനമായ ഇന്നലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 67 പേര്‍ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 31,112 ആയി. യുദ്ധവും പട്ടിണിയും ദുരിതത്തിലാക്കിയ ഗസ്സന്‍ ജനതയ്ക്ക് സഹായം ഉറപ്പാക്കാനുള്ള നീക്കവും ഇസ്രായേല്‍ തടയുകയാണ്. കരമാര്‍ഗം കൂടുതല്‍ സഹായം ഉറപ്പു വരുത്താനുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെയും അഭ്യര്‍ത്ഥന ഇസ്രായേല്‍ തള്ളി. റഫ ഉള്‍പ്പെടെ അതിര്‍ത്തി വഴിയുള്ള സഹായം കൂടുതലായി ലഭ്യമാക്കണമെന്ന യു.എന്‍ ഏജന്‍സികളുടെ അഭ്യര്‍ഥനയും ഇസ്രായേല്‍ അംഗീകരിച്ചിട്ടില്ല.
ഈജിപ്തുമായി ചേര്‍ന്ന് യു.എ.ഇ ഇന്നലെ 42 ടണ്‍ സഹായ വസ്തുക്കള്‍ എയര്‍ഡ്രോപ്പ് ചെയ്തിരുന്നു. നന്മയുടെ പക്ഷികള്‍ എന്ന് പേരിട്ട ഓപ്പറേഷനിലാണ് യു.എ.ഇ-ഈജിപ്ത് വ്യോമസേനകള്‍ സംയുക്തമായി ഗസ്സ മുനമ്പിന് മുകളില്‍ ആകാശത്തുനിന്ന് ഭക്ഷണവസ്തുക്കളും മരുന്നുമടങ്ങുന്ന വസ്തുക്കള്‍ താഴേക്ക് അയച്ചത്. ഗസ്സയുടെ ഒരു ഭാഗത്തും ഭക്ഷണവിതരണം നടത്താന്‍ തുടര്‍ച്ചയായ ആക്രമണം മൂലം സാധിക്കുന്നില്ലെന്ന് യുനിസെഫ് അറിയിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ നടപ്പായില്ലെങ്കില്‍ വലിയ ദുരന്തമാകും കാത്തിരിക്കുന്നതെന്നും പട്ടിണിമൂലം ഗസ്സയിടെ കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
വിശുദ്ധ റമദാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച വിജയം കാണുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് സി.ഐ.എ ഡയറക്ടര്‍ പ്രതികരിച്ചു. കരാര്‍ ഉണ്ടായില്ലെങ്കില്‍ സിവിലിയന്‍ സമൂഹം വലിയ വിലയൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നെതന്യാഹു സര്‍ക്കാറിന്റെ ഭാവി അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ വാര്‍ഷിക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സര്‍ക്കാറിനെതിരെ ഇസ്രയേലില്‍ വന്‍പ്രക്ഷോഭം ആസന്നമാണെന്നും ഹമാസിനെ തുരത്തുക എളുപ്പമല്ലെന്നും പ്രതിരോധം വര്‍ഷങ്ങള്‍ നീണ്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണത്തിന് മറുപടിയെന്നോണം ലബനാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ബാല്‍ബെക്കിലും ആക്രമണം നടന്നതായി ലബനാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അഞ്ചോളം ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണമുണ്ടായി.