ഇസ്രായേൽ സർവകലാശാലകളുമായി ബന്ധം അവസാനിപ്പിച്ച് സ്​പെയിനിലെ 76 യൂനിവേഴ്സിറ്റികൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ വ്യാപിക്കുകയാണ്

Update: 2024-05-15 08:59 GMT
Advertising

മാഡ്രിഡ്: ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്​പെയിനിലെ 76 യൂനിവേഴ്സിറ്റികൾ. സ്പെയിനിലെ യൂനിവേഴ്സിറ്റി റെക്ടർമാരുടെ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലി സർവകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായുമുള്ള സഹകരണ കരാറുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് ഇവർ അറിയിച്ചു.

50 പൊതു സർവകലാശാലകളും 26 സ്വകാര്യ സർവകലാശാലകളുമാണ് സഹകരണം അവസാനിപ്പിച്ചത്. വിവിധ സ്പാനിഷ് സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല ക്യാമ്പുകൾ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

തീരുമാനത്തെ ‘ദെ ഫലസ്തീനിയൻ കാമ്പയിൻ ഫോർ ദെ അക്കാദമിക് ആൻഡ് കൾച്ചറൽ ബോയ്കോട്ട് ഓഫ് ഇസ്രാ​യേൽ (പി.എ.സി.ബി.ഐ)’ അഭിനന്ദിച്ചു. സ്പാനിഷ് സർവകലാശാകളുടേതിന് സമാനമായി ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ലോകത്തെ മറ്റു യൂനിവേഴ്സിറ്റികളോടും ഇവർ അഭ്യർഥിച്ചു.

ഇസ്രായേലി സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സ്പെയിനിലെ യൂനിവേഴ്സിറ്റികളുടെ തീരുമാനം ചരിത്രപരമാണെന്ന് ഗസ്സയിലെ അൽ അഖ്സ യൂനിവേഴ്സിറ്റി പ്രഫസർ ​ഹൈദർ ഈദ് പറഞ്ഞു. ഗസ്സയിൽ ഫലസ്തീനികക്കെതിരെ നടക്കുന്ന വംശഹത്യക്ക് ഉത്തരവാദികളായ ഇസ്രായേലിനെയും അതിന്റെ പങ്കാളികളായ അക്കാദമിക് സ്ഥാപനങ്ങളെയും നിയന്ത്രിക്കാനുള്ള ഉറച്ച തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ എല്ലാ സർവകാലാശാലകളെയും ഇസ്രയേൽ തകർത്തു. തന്റെ വിദ്യാർഥികളെയും സഹപ്രവർത്തകരെയും കൊല്ലുകയും അൽ അഖ്സ സർവകലാശാലയെ ഇല്ലാതാക്കുകയും ചെയ്തു. ഇതിനിടയിലും വംശഹത്യയ്ക്കും പതിറ്റാണ്ടുകൾ പഴക്കമുള്ള വർണ്ണവിവേചന സമ്പ്രദായത്തിനും ഭൗതിക പിന്തുണ നൽകുകയാണ് ഇസ്രായേലി സർവകലാശാലകൾ. സ്‌പെയിനിലെ സർവകലാശാലകളുടെ തീരുമാനവും ഈ തീരുമാനത്തിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭങ്ങളും നീതി നടപ്പാകുമെന്നും സത്യം വിജയിക്കുമെന്നുമുള്ള പ്രതീക്ഷ നൽകുന്നതായും ഹൈദർ ഈദ് കൂട്ടിച്ചേർത്തു.

ഗസ്സയിലെ ഇസ്രായേലിൻ്റെ വംശഹത്യയിൽ പങ്കാളികളായ ഇസ്രായേലി അക്കാദമിക് സ്ഥാപനങ്ങളുമായും കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ബാഴ്‌സലോണ സർവകലാശാല കൗൺസിൽ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്സിറ്റി കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ പടരുകയാണ്. ചൊവ്വാഴ്ച ലണ്ടൻ സ്കുൾ ഓഫ് ഇക്കണോമിക്സലെ വിദ്യാർഥികൾ ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് സർവകലാശാല കെട്ടിടത്തിൽ ക്യാമ്പ് സ്ഥാപിച്ചു. വിദ്യാർഥികളുടെ ആവശ്യങ്ങൾ യൂനിവേഴ്സിറ്റി അധികൃതർ നിരസിച്ചതോടെയായിരുന്നു പ്രതിഷേധം.

യൂനിവേഴ്സിറ്റി ഇസ്രായേൽ സൈന്യത്തെയും ആയുധ നിർമ്മാണത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് കാണിച്ച് ചൊവ്വാഴ്ച രാവി​ലെ വിദ്യാർഥികൾ 116 പേജുള്ള റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. തുടർന്നാണ് എൽ.എസ്.ഇ ഫലസ്തീൻ സൊസൈറ്റിയടെ നേതൃത്വത്തിൽ വിദ്യാർഥികൾ മാർഷൽ കെട്ടിടത്തിൽ ക്യാമ്പ് സ്ഥാപിച്ചത്. ഫലസ്തീൻ പതാകയും ബാനറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ലണ്ടൻ സ്കുൾ ഓഫ് ഇക്കണോമിക്സിന് ഏദേശം 485 മില്യൺ പൗണ്ട് ആസ്തിയുണ്ട്. ഇതിൽ ഏകദേശം 80 മില്യൺ പൗണ്ട് ഫലസ്തീൻ ജനതക്കെതിരായ കുറ്റകൃത്യങ്ങൾക്കും ആയുധങ്ങൾ നൽകാനും നിക്ഷേപിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഗസ്സയിലെ ജനങ്ങളു​ടെ മരണത്തിലു​ടെ ലഭിക്കുന്ന ലാഭം വേണ്ടന്നും ഇവർ പറയുന്നു. തങ്ങളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

ഇംഗ്ലണ്ടിലെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലു​ം ഇത്തരത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഒക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി 500-ലധികം അധ്യാപകരും ജീവനക്കാരും രംഗത്തുവന്നു. അധിനിവേശവും വംശഹത്യയും വർണ്ണവിവേചനവും തുടരുന്ന ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഓക്സ്ഫോർഡ് സർവകലാശാലയോട് ആവശ്യപ്പെടുകയാണെന്ന് ഇവർ പറഞ്ഞു. ഗസ്സക്കായി ഓക്‌സ്‌ഫോർഡിൻ്റെ "ലിബറേറ്റഡ് സോൺ" സ്ഥാപിച്ചാണ് ഇവിടെ പ്രതിഷേധങ്ങൾ നടക്കുന്നത്. ബ്രിട്ടനിൽ ഏകദേശം 80ഓളം സ്ഥാപനങ്ങളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News