സമ്മർദം താങ്ങാനാകുന്നില്ല; ആറ് മാസത്തിനിടെ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചത് 800 മുതിർന്ന ഉദ്യോഗസ്ഥർ
വെടിനിർത്തൽ ഉടൻ വേണമെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വത്തിന്റെ ആവശ്യമെന്ന് ന്യൂയോർക്ക് ടൈംസ്
തെൽഅവീവ്: ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇസ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്. ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്.
ആഭ്യന്തര സുരക്ഷ പ്രശ്നങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ ദുർഘടമായ സാഹചര്യങ്ങളെ തുടർന്നാണ് രാജി. കൂടാതെ വ്യത്യസ്ത സംഘർഷ മേഖലകളിൽ ജോലി ചെയ്യാനുള്ള സമ്മർദവും രാജിയിലേക്ക് നയിക്കുന്നുണ്ട്.
ഈ രാജികൾ സൈന്യത്തിന് വലിയ വെല്ലുവിളിയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്രയും ഉയർന്ന റാങ്കിലുള്ള സൈനികർ രാജിവെക്കുന്നത് ഭാവിയിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ മാനസിക പ്രശ്നങ്ങളടക്കം പരിഹരിക്കാനുള്ള പരിശീലന പരിപാടികൾ സൈന്യം നടപ്പിലാക്കുന്നുണ്ട്. ഇതോടൊപ്പം കൂടുതൽ സൈനികരെ ആകർഷിക്കാനായി ആഭ്യന്തര നയങ്ങളിലും സേവനങ്ങളിലും സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സർക്കാറും സൈന്യവും വലിയ ഭിന്നതയിലൂടെയാണ് കടന്നുപോകുന്നത്. സൈന്യം നടപ്പാക്കുന്ന പല തീരുമാനങ്ങളും സർക്കാർ അറിയുന്നില്ലെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് പലതവണ സൈനിക നേതൃത്വവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ഹമാസ് ഗസ്സയിൽ ഭരണം തുടർന്നാലും വെടിനിർത്തൽ ഉടൻ വേണമെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വത്തിന്റെ ആവശ്യമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെയും മുൻകാല സുരക്ഷാ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബാക്കി ബന്ദികളെ മോചിപ്പിക്കാനുള്ള മികച്ച മാർഗം സ്ഥിരമായ വെടിനിർത്തലാണെന്ന് ജനറൽമാർ വിശ്വസിക്കുന്നു. ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിന് മുമ്പ് ഇസ്രായേൽ പ്രതിരോധ സേനയെ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഗസ്സയിൽ യുദ്ധം അവസാനിക്കുന്നതോടെ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തിനും അറുതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, റിപ്പോർട്ടിന് മറുപടിയുമായി ഇസ്രായേൽ സൈന്യം പ്രസ്താവനയുമായി രംഗത്തുവന്നു. ഹമാസിന്റെ സൈനിക-ഭരണശേഷിയുടെ നാശം, ബന്ദികളുടെ തിരിച്ചവരവ്, വടക്കൻ-തെക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷിത തിരിച്ചുവരവ് തുടങ്ങിയ ലക്ഷ്യങ്ങൾ നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഗസ്സ മുനമ്പിലുടനീളം ഹമാസിനെതിരെ ഇസ്രായേൽ സൈന്യം പോരാടും. ഇതോടൊപ്പം വടക്ക് യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗേരി ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഹമാസ് ഒരു ആശയമാണ്. അവരെ ഇല്ലാതാക്കമെന്ന് കരുതുന്നത് വെറുതെയാകും. ഈ വാഗ്ദാനം നൽകുന്നവർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്രായേൽ സർക്കാർ ബദൽ മാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഹമാസ് ഗസ്സയിൽ തുടരുമെന്നും ഹഗേരി പറഞ്ഞതായി ഇസ്രായേലി ചാനൽ 13 റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹഗേരിയുടെ പ്രസ്താവനക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ രംഗത്തുവന്നു. ഹമാസിന്റെ സൈനിക, ഭരണശേഷി നശിപ്പിക്കുക എന്നത് യുദ്ധലക്ഷ്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശ സേന ഈ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സൈന്യവും സർക്കാറും രണ്ട് തട്ടിൽ നിൽക്കുമ്പോഴും ഗസ്സയിൽ ഇസ്രായേൽ സൈന്യം വലിയ തിരിച്ചടി നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 44 ഇസ്രായേലി സൈനികർക്കാണ് പരിക്കേറ്റത്. വടക്ക് ഹിസ്ബുല്ലയുടെ ആക്രമണത്തിൽ മാത്രം 18 സൈനികർക്ക് പരിക്കേറ്റു.