‘മാറ്റം ഇവിടെ തുടങ്ങുന്നു’; ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കെയ്ർ സ്റ്റാർമർ

ഇസ്രായേലുമായുള്ള ആയുധ വിൽപ്പന അവസാനിപ്പിക്കാനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്

Update: 2024-07-05 07:16 GMT
Advertising

ലണ്ടൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരമുറപ്പിച്ചതോടെ കെയ്ർ സ്റ്റാർമർ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺ​സർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയ​മാണ് ഏറ്റുവാങ്ങിയത്.

ആകെയുള്ള 650 സീറ്റിൽ ലേബർ പാർട്ടി ഇതുവരെ 410 സീറ്റുകളിൽ വിജയിച്ചുകഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റിലാണ് ജയിക്കാനായത്.

വടക്കൻ ലണ്ടനിലെ തന്റെ സീറ്റ് നിലനിർത്തിയാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. ‘മാറ്റം ഇവിടെ തുടങ്ങുന്നു, കാരണം ഇതാണ് നിങ്ങളുടെ ജനാധിപത്യവും നിങ്ങളുടെ സമൂഹവും ഭാവിയും’ -വിജയശേഷം സ്റ്റാർമർ പഞ്ഞു.

1962ൽ ലണ്ടനിലാണ് സ്റ്റാർമറിന്റെ ജനനം. 16ാം വയസ്സിൽ ലേബർ പാർട്ടി യങ് സോഷ്യലിസ്റ്റിൽ ചേർന്നു. ലീഡ്സ് യൂനിവേഴ്സിറ്റിൽയിൽനിന്ന് നിയമത്തിൽ ബിരുദവും ഓക്സ​്ഫോർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മനുഷ്യാവകാശ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. 2008 മുതൽ 2013 വരെ ഡയറക്ടർ ഓഫ് പബ്ലിസ് പ്രോസിക്യൂഷനായി പ്രവർത്തിച്ചു. 2015ലാണ് പാർലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2020ൽ ജെറെമി കോർബിന്റെ പിൻഗാമിയായി പാർട്ടി തല​പ്പത്തേക്കെത്തി.

കഠിനമായ ചെലവഴിക്കൽ നിയമങ്ങൾ കൊണ്ടുവന്ന് സമ്പത്ത് വ്യവസ്ഥയെ വളർത്തി സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്നാണ് സ്റ്റാർമറുടെ പ്രഖ്യാപനം. സ്വതന്ത്ര വ്യാപാര കരാറടക്കം ഇന്ത്യയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തം ഇദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ വർഷം ആദ്യം ഇദ്ദേഹം വടക്കൻ ലണ്ടനിലെ കിങ്സ്ബറിയിലുള്ള ശ്രീസ്വാമി നാരായണൻ ക്ഷേത്രം സന്ദർശിക്കുകയും ബ്രിട്ടനിൽ ഹിന്ദുഫോബിയക്ക് സ്ഥാനമി​ല്ലെന്ന് ഹിന്ദു സമൂഹത്തിന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇസ്രായേലുമായുള്ള ആയുധ വിൽപ്പന അവസാനിപ്പിക്കാനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News