ഫലസ്തീന്‍ രാഷ്ട്രത്തെ പിന്താങ്ങിയതിന് വധഭീഷണി; ലേബര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ആസ്‌ട്രേലിയന്‍ സെനറ്റര്‍
പാര്‍ട്ടി വിപ്പ് ലംഘിച്ച് ഫലസ്തീന്‍ അനുകൂല പ്രമേയത്തെ പിന്താങ്ങിയതിനു വലിയ പ്രതിഷേധം നേരിട്ടിരുന്നു അഫ്ഗാന്‍ വംശജയായ ഫാത്തിമ പേമാന്‍
സിഡ്‌നി: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പ്രമേയത്തെ പിന്തുണച്ചതിനു പിന്നാലെ ആസ്‌ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച് സെനറ്റര്‍. വെസ്റ്റേണ്‍ ആസ്‌ട്രേലിയയില്‍നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാന്‍ ആണു പാര്‍ട്ടിയില്‍നിന്നു രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വതന്ത്ര സെനറ്ററായി തുടരുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.
ഫലസ്തീനെ പിന്തുണച്ചും ഇസ്രായേലിനെ വിമര്‍ശിച്ചുകൊണ്ടുമുള്ള പ്രമേയത്തെ അനുകൂലിക്കരുതെന്ന് ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതു ലംഘിച്ചായിരുന്നു ഫാത്തിമ പ്രമേയത്തെ പിന്താങ്ങിയത്. ഇതിനു പിന്നാലെ പാര്‍ട്ടിയുടെ പ്രധാന യോഗങ്ങളില്‍നിന്നും ചര്‍ച്ചകളില്‍നിന്നും ഇവര്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. ലേബര്‍ പാര്‍ട്ടി കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങുന്നതിനിടെയാണിപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഫാത്തിമ പേമാന്‍ രാജിപ്രഖ്യാപനം നടത്തിയത്.
''അനീതി നേരിടുന്നവരുടെ അനുഭവം എനിക്കു മനസിലാകും. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അതിനു സാധിച്ചുകാണണമെന്നില്ല. യുദ്ധം തകര്‍ത്ത ഒരു രാജ്യത്തുനിന്ന് എന്റെ കുടുംബം ഇവിടെ അഭയാര്‍ഥിയായി വന്നത് നിരപരാധികള്‍ക്കുമേല്‍ അക്രമം നടക്കുമ്പോള്‍ നിശബ്ദയായി ഇരിക്കാനല്ല. ഈ വിഷയത്തില്‍ എനിക്ക് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ല''-ഫാത്തിമ പേമാന്‍ വ്യക്തമാക്കി.
തന്റെ നേതൃത്വത്തിന് ഫാത്തിമ നന്ദി രേഖപ്പെടുത്തിയതായി രാജി പ്രഖ്യാപനത്തോട് പ്രതികരിച്ച് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് ആരോപണങ്ങള്‍ അവള്‍ തള്ളിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഫലസ്തീന്‍ അനുകൂല പ്രമേയത്തെ പിന്തുണച്ചതിന് ഇ-മെയിലിലും അല്ലാതെയും വധഭീഷണി ലഭിച്ചതായി ഫാത്തിമ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം ഉറച്ച പിന്തുണ നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം തുടക്കം മുതല്‍ തന്നെ ആസ്‌ട്രേലിയയിലും വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു. ആസ്‌ട്രേലിയന്‍ ഭരണകൂടം ഔദ്യോഗികമായി ദ്വിരാഷ്ട്ര പരിഹാരത്തെ പിന്താങ്ങുന്നുണ്ട്. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സമാധാനനീക്കങ്ങള്‍ക്കു തടസമാകുമെന്നാണ് ലേബര്‍ പാര്‍ട്ടി വാദം.
അഫ്ഗാനിസ്താന്‍ വംശജയാണ് ഫാത്തിമ പേമാന്‍. 1999ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതിനു പിന്നാലെയാണ് ഇവരുടെ കുടുംബം ആസ്‌ട്രേലിയയിലേക്കു കുടിയേറുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് വെസ്റ്റേണ്‍ ആസ്‌ട്രേലിയയില്‍നിന്ന് അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഓസീസ് ചരിത്രത്തിലെ ഹിജാബ് ധരിച്ച ആദ്യ സെനറ്റര്‍ കൂടിയാണ് ഫാത്തിമ പേമാന്‍.
Summary: Australian Senator Fatima Payman resigns from Labor party after pro-Palestine state vote