മെക്സിക്കോയില്‍ ഒന്‍പതു പേരെ കൊന്നു പാലത്തില്‍ കെട്ടിത്തൂക്കി; ലഹരിസംഘങ്ങളുടെ അതിര്‍ത്തിപ്പോരെന്ന് സൂചന
തങ്ങളുടെ സാമ്രാജ്യത്തില്‍ എതിരാളി സംഘങ്ങള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പിട്ടാണ് ലഹരിമാഫിയകള്‍ ഇങ്ങനെ ചെയ്യുന്നത്
മെക്‌സിക്കോയിലെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാറ്റെകാസില്‍ മേല്‍പ്പാലത്തില്‍ ഒമ്പതു പേരെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം നടപ്പാതയിലും കണ്ടെത്തി. ലഹരി മാഫിയാ സംഘങ്ങളുടെ അതിർത്തിപ്പോരാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. മെക്‌സിക്കോ സിറ്റിക്ക് വടക്ക് 340 മൈൽ (550 കിലോമീറ്റർ) അകലെയുള്ള സിയുഡാഡ് കുവോഹ്‌ടെമോക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് സകാറ്റെകാസ് സ്റ്റേറ്റ് പബ്ലിക് സേഫ്റ്റി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം പുരുഷന്‍മാരാണ്.
തങ്ങളുടെ സാമ്രാജ്യത്തില്‍ എതിരാളി സംഘങ്ങള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പിട്ടാണ് ലഹരിമാഫിയകള്‍ ഇങ്ങനെ ചെയ്യുന്നത്. എതിരാളികളെയോ അധികാരികളെയോ പരിഹസിക്കാനും പ്രദേശവാസികളെ ഭയപ്പെടുത്താനുമായി ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തി മൃതദേഹങ്ങള്‍ കെട്ടിത്തൂക്കാറുണ്ട്.
ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളിൽ, മെക്സിക്കോയിൽ 25,000-ത്തിലധികം കൊലപാതകങ്ങൾ നടന്നതായാണ് റിപ്പോര്‍ട്ട്. ഫെഡറൽ ഡാറ്റ അനുസരിച്ച് ഒരു വർഷം മുമ്പത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനം കുറവാണ്. ക്വിന്‍റാന റൂ സംസ്ഥാനത്തിലെ പ്രശസ്തമായ വിനോദസഞ്ചാര മേഖലകളിൽ ഉൾപ്പെടെ മെക്സിക്കോയുടെ ചില ഭാഗങ്ങളിൽ ലഹരിമാഫിയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വര്‍ധിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നാഷണൽ ഗാർഡ് സേനയെ കാൻകണിലേക്കും പരിസര പ്രദേശങ്ങളിലേക്കും സ്ഥിരമായി വിന്യസിക്കുമെന്ന് പ്രസിഡന്‍റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ബുധനാഴ്ച അറിയിച്ചു.