ജോലി മാത്രം പോരാ വിശ്രമവും വേണം; ജീവനക്കാര്‍ക്ക് കൂട്ടത്തോടെ 9 ദിവസം അവധി നല്‍കി അമേരിക്കന്‍ കമ്പനി

കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിലിന്‍റെ സ്‌ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Update: 2023-07-08 05:42 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

വാഷിംഗ്ടണ്‍: തിരക്കും സമ്മര്‍ദവും നിറഞ്ഞ ജോലിക്കിടയില്‍ നിന്നും കുറച്ചു ദിവസം മാറിനില്‍ക്കണമെന്ന് തോന്നാറില്ലേ? ആഴ്ചയില്‍ ഒരു ദിവസം കിട്ടുന്ന അവധി തന്നെ പോരാതെ വരും.എന്നാല്‍ തന്‍റെ ജീവനക്കാരുടെ മാനസികാരോഗ്യം കണക്കിലെടുത്ത് 9 ദിവസം തുടര്‍ച്ചയായി അവധി നല്‍കിയിരിക്കുകയാണ് ഒരു അമേരിക്കന്‍. ഒന്നോ, രണ്ടോ പേര്‍ക്കല്ല..ജീവനക്കാര്‍ക്ക് കൂട്ടത്തോടെ അവധി നല്‍കി കയ്യടി നേടിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍റാങ്ക് (HackerRank) എന്ന കമ്പനി.

കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിലിന്‍റെ സ്‌ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ജൂലൈ ആദ്യവാരമാണ് കമ്പനി അവധി പ്രഖ്യാപിച്ചത്. "ഞങ്ങളും ഞങ്ങളുടെ ജീവനക്കാരും ജൂലൈ 1 മുതൽ 9 വരെ അവധിയിലായിരിക്കും. എല്ലാവർക്കും വിശ്രമത്തിനായി അവധി നൽകിയിട്ടുണ്ട്," ഇ-മെയിലിൽ പറയുന്നു. അവധി ദിവസങ്ങളിൽ ജീവനക്കാർ ഔദ്യോഗിക ചുമതലകൾ നിർവഹിക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.അതുകൊണ്ട് ജോലിയില്‍ കാലതാമസം വരുമെന്നും വ്യക്തമാക്കി. എന്നാൽ ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അതിനാൽ ഈ അവധി പ്രഖ്യാപനവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.''അവധിയായതിനാൽ ഇ-മെയിലുകൾ, അഭിമുഖങ്ങൾ, അപേക്ഷയെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നിവയിൽ കുറച്ച് കാലതാമസം ഉണ്ടാകും. ഞങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' ഇ-മെയിൽ പറയുന്നു.

കമ്പനിയുടെ പ്രവർത്തനം ജൂലൈ 10 മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.കമ്പനിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.''വളരെ നല്ല തീരുമാനം. മാനസികാരോഗ്യത്തിന് മുൻഗണന നൽകണം'' ബിസിനസ് അനലിസ്റ്റ് അതിതി ജെയ്ൻ ലിങ്ക്ഡ്ഇനിൽ എഴുതി.ഹാക്കർറാങ്ക് പോലുള്ള കമ്പനികൾ ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. "അത്തരമൊരു തീരുമാനം ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ജീവനക്കാരെ സഹായിക്കും," ബ്ലോഗർ സൗരഭ് ദഹിബത്ത് പറഞ്ഞു.

എന്നാൽ ഇത് നീണ്ട വാരാന്ത്യത്തിന്‍റെയും ജൂലൈ നാലിലെ അവധിയുമുള്ള ആഴ്ചയാണിത്. ആ അവസരം കമ്പനി പരമാവധി മുതലെടുത്തതായി ചിലർ ചൂണ്ടിക്കാട്ടി.ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു കമ്പനി അവരുടെ മാനേജർമാരെ പുറത്താക്കിയത് അടുത്തിടെ വാർത്തകളിൽ ഇടംനേടിയിരുന്നു. വെർച്വൽ അസിസ്റ്റന്‍റ് കമ്പനിയായ ടൈം ETCയാണ് മാനേജര്‍മാരെ പുറത്താക്കി പരിശീലകരെ ഏര്‍പ്പെടുത്തിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News