9/11 വേൾഡ് ട്രേഡ് സെൻറർ ആക്രമണം; നിരപരാധിയായ യുവാവ് ജയിലിൽ കിടന്നത് 15 വർഷം
കുർദ് വംശജനായ യാസിൻ അറേഫിനെ 2004 ലാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്
ന്യൂയോർക്ക്: സെപ്തംബർ 11 ന് നടന്ന വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിന് ശേഷം ഗൂഢാലോചന കുറ്റം ചുമത്തി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) അറസ്റ്റ് ചെയ്ത നിരപരാധിയായ യുവാവ് ജയിലിൽ കിടന്നത് 15 വർഷം. 2004 ൽ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത കുർദ് വംശജനായ യാസിൻ അറേഫാണ് വർഷങ്ങളോളം പീഡിപ്പിക്കപ്പെട്ടത്. ആക്രമണത്തിന്റെ 20ാം വാർഷികം ഓർമിക്കവേയാണ് സംഭവശേഷമുണ്ടായ ഇസ്‌ലാം ഭീതിയുടെ ഇരകളും ചർച്ചയാകുന്നത്.
അമേരിക്കയുടെ തലസ്ഥാന നഗരിയായ ന്യൂയോർക്കിലെ അൽബാനിയിലുള്ള മസ്ജിദുസ്സലാമിലെ ഇമാമായിരുന്നു ഇദ്ദേഹം. 'രഹസ്യ വിവര'പ്രകാരം എഫ്.ബി.ഐ നടത്തിയ 'സ്റ്റിംഗ് ഓപറേഷനിലായിരുന്നു ഇദ്ദേഹത്തിന്റെ അറസ്റ്റ്. തീവ്രവാദത്തിന് സഹായം നൽകിയെന്നതായിരുന്നു കുറ്റം.
എന്നാൽ 2019 ൽ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ഇറാഖിലേക്ക് നാടുകടത്തപ്പെട്ടു. ഇപ്പോൾ കുർദിഷ് പ്രദേശമായ വടക്കൻ ഇറാഖിൽ സകുടുംബം താമസിക്കുകയാണ്. നാലു മക്കൾ അമേരിക്കയിൽ പഠിക്കുകയാണ്.
34ാം വയസ്സിലാണ് ഇദ്ദേഹം അറസ്റ്റിലായത്. 49ാം വയസ്സിൽ വിട്ടയക്കപ്പെട്ടു. വിലപ്പെട്ട 15 വർഷം തടവിൽ കഴിഞ്ഞത് മൂലം പി.എച്ച്.ഡി പൂർത്തികരിക്കുന്നതടക്കം കരിയറും ജീവിതവും നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറയുന്നു.
ഇദ്ദേഹത്തിന്റെ കേസ് അമേരിക്കൻ സിവിൽ ലിബേർട്ടീസ് യൂനിയനും യു.എസ് തീവ്രവാദ വിരുദ്ധ നിലപാടുകളുടെ വിമർശകരും കുറ്റപ്പെടുത്തിയിരുന്നു.
അറേഫ് തന്റെ അറസ്റ്റും ജയിൽ അനുഭവങ്ങളും പ്രതിപാദിച്ച് കുർദിഷ് ഭാഷയിൽ 1000 പേജുള്ള പുസ്തകമെഴുതിയിട്ടുണ്ട്. 2008 ൽ 'സൺ ഓഫ് മൗണ്ടൈൻ' എന്ന പേരിൽ ഇംഗ്ലീഷിലും പുസ്തകം പ്രസിദ്ദീകരിക്കപ്പെട്ടിട്ടുണ്ട്.
2003 ലെ യു.എസ്സിന്റെ ഇറാഖ് അധിനിവേശത്തിനെതിരെ നടന്ന യുദ്ധവിരുദ്ധ കാമ്പയിനുകളിൽ ഇമാമെന്ന നിലയിൽ പങ്കെടുത്തിരുന്നു. തുടർന്നാണ് എഫ്.ബി.ഐ കേസ് കെട്ടിച്ചമച്ചതെന്നും കോടതിയിൽ യഥാർഥ തെളിവുകളൊന്നും ഇല്ലായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ഇറാഖിലെ റാവാഹിലെ ഒരു ക്യാമ്പിൽ യു.എസ് പട്ടാളം നടത്തിയ റെയ്ഡിൽ ഇദ്ദേഹത്തിന്റെ പേരും വിലാസവും കണ്ടതിനെ തുടർന്നാണ് എഫ്.ബി.ഐ ഇദ്ദേഹത്തെ ലക്ഷ്യമിട്ടത്.
സഹോദരൻ എന്നർഥത്തിൽ കുർദിഷ് ഭാഷയിൽ ഉപയോഗിക്കുന്ന 'കാക്' എന്ന വാക്ക് കമാൻഡർ എന്ന് എഫ്.ബി.ഐ തെറ്റിദ്ധരിക്കുകയായിരുന്നു. പിന്നീട് കോടതിയിൽ അവർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ബുഷ് ഭരണകൂടം രാഷ്ട്രീയ ലാഭത്തിനായി ഇദ്ദേഹത്തിന്റെ കേസ് ഉപയോഗിക്കുകയായിരുന്നു. അന്നത്തെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ജെയിംസ് ബി കേമേ വാഷിംഗ്ഡൺ ഡിസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വമ്പൻസ്രാവിനെ കിട്ടിയെന്ന് പറഞ്ഞാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് വിവരം പുറത്തുവിട്ടത്.
യാസിൻ ഇസ്‌ലാം ഭീതിയുടെ ഇരയായിരുന്നെന്നും ഇത് കൊണ്ടാണ് തെളിവില്ലാതിരുന്നിട്ടും ഇദ്ദേഹം ശിക്ഷിപ്പെട്ടതെന്നും അഭിഭാഷകനായ കാത്തി മാൻലേ പറഞ്ഞു.