വെടിയൊച്ചയ്ക്കിടയില്‍ 'ആദ്യ കരച്ചില്‍'; മെട്രോയിലെ ഷെൽറ്ററിൽ കുഞ്ഞിന് ജന്മംനൽകി യുവതി
കിയവിൽ മെട്രോ സ്‌റ്റേഷനുകളും ട്രെയിനുകളുമെല്ലാം താൽക്കാലിക അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്
കിയവ് പിടിച്ചെടുക്കാൻ റഷ്യൻസൈന്യം ആക്രമണം കടുപ്പിച്ചതോടെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈൻ ജനത. അതിനിടെ, കിയവിലെ മെട്രോയിൽ യുദ്ധഭീതിക്കിടയിൽ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് യുക്രൈൻ യുവതി.
മെട്രോ സ്‌റ്റേഷനു പുറമെ സർവീസ് നിർത്തിവച്ച ട്രെയിനുകളുമെല്ലാം താൽക്കാലിക അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടാൻ ടെലഗ്രാമാണ് ഇവർ ആശ്രയിക്കുന്നത്.
ഇതിനിടയിലാണ് യുവതി സ്‌റ്റേഷനിൽ കുഞ്ഞിന് ജന്മം നൽകിയ സന്തോഷവിവരം യുദ്ധഭീതിക്കിടയിലും ആശ്വാസവാർത്തയായി ടെലഗ്രാം ഗ്രൂപ്പുകളിൽ നിറഞ്ഞതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കുഞ്ഞിന്റെ ചിത്രമടക്കമാണ് സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
a baby was born 2 hours ago in Kyiv metro station, used as a shelter against air strikes, reports @StratcomCentre. Miracle pic.twitter.com/U77VPnTvzS
— UkraineWorld (@ukraine_world) February 25, 2022
കിയവിൽ പോരാട്ടം രൂക്ഷം
യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ സഫോടന പരമ്പരകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി വ്യക്തമാക്കി.
കിയവിലെ വൈദ്യുതിനിലയത്തിനു സമീപം സ്ഫോടന പരമ്പരയാണ് നടന്നത്. നാലു ഭാഗത്തുനിന്നുമായി റഷ്യൻസൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കിയവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൈദാൻ സ്‌ക്വയറിൽ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയിലും സ്ഫോടനപരമ്പര നടന്നു. നഗരമധ്യത്തിൽനിന്ന് തന്നെ കേൾക്കാവുന്ന തരത്തിൽ വ്യോമാക്രമണവും ശക്തമാണ്. വാസിൽകീവിലെ വ്യോമതാവളം വലിയ പോരാട്ടത്തിലൂടെ റഷ്യൻസേന പിടിച്ചടക്കിയിട്ടുണ്ട്. താവളം കേന്ദ്രമാക്കിയാണ് നഗരം ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം ഇപ്പോൾ നടക്കുന്നത്.
Summary: A baby is born in the Kyiv metro that has become a refuge