'പേരില്ല, ഒരു നമ്പർ മാത്രം'; ജയിലിലെ ഭീകരാനുഭവങ്ങൾ പങ്കുവെച്ച് സിറിയയിൽ മോചിപ്പിക്കപ്പെട്ട തടവുകാർ
അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളെയാണ് തീവ്രവാദകുറ്റം ചുമത്തി ജയിലിൽ അടച്ചിരുന്നത്.
ഇദ്‌ലിബ്: ''എന്റെ പേര്, നമ്പർ 1100 ആയിരുന്നു...'' ഇത് പറയുമ്പോൾ ഹാലയുടെ മുഖത്ത് ഇപ്പോഴും ഭയം നിഴലിക്കുന്നുണ്ട്. ബശ്ശാറുൽ അസദ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടതിന് പിന്നാലെ സിറിയയിൽ ജയിൽ മോചിതരായ ആയിരങ്ങളിൽ ഒരാളാണ് ഹാല.
2019ൽ തീവ്രവാദക്കുറ്റം ആരോപിച്ച് ഹമയിലെ ചെക്ക്‌പോയിന്റിൽ നിന്നാണ് ഹാലയെ സിറിയൻ സൈന്യം കസ്റ്റഡിയിലെടുത്തത്. സർക്കാരിനെ എതിർക്കുന്നവരെയെല്ലാം തീവ്രവാദക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതായിരുന്നു അസദ് ഭരണകൂടത്തിന്റെ രീതിയെന്ന് ഹാല പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം ഹാലയെ അലപ്പോയിലേക്കാണ് കൊണ്ടുപോയത്. അഞ്ച് വർഷത്തോളമായി അവിടെ വിവിധ ജയിലുകളിലായിരുന്നു. നവംബർ 29ന് സിറിയൻ വിമതർ അലപ്പോ പിടിച്ചതോടെയാണ് ഹാലയെയും മറ്റു തടവുകാരെയും മോചിപ്പിച്ചത്.
''ഞങ്ങൾ മോചിപ്പിക്കപ്പെട്ടെന്ന കാര്യം വിശ്വസിക്കാനാവുന്നില്ല. പുറംലോകം കാണാനാവുമെന്ന് വിചാരിച്ചിരുന്നില്ല. സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്, മോചിപ്പിച്ചവരെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കുടുംബത്തിനൊപ്പം എത്തിയപ്പോൾ സന്തോഷം അതിലും വലുതായിരുന്നു. എനിക്ക് ഒരു പുനർജന്മം കിട്ടിയപോലെ ആയിരുന്നു''-ഹാല പറഞ്ഞു.
ദീർഘകാലമായി തുടരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിൽ രണ്ടാഴ്ച മാത്രം നീണ്ട അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഹയാത് താഹിർ അൽ ശാം (എച്ച്ടിഎസ്) എന്നറിയപ്പെടുന്ന വിമതർ സിറിയയിൽ അധികാരം പിടിച്ചെടുത്തത്. അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച കുറ്റത്തിന് ജയിലിലടക്കപ്പെട്ട 136,614 പേരിൽ ഒരാൾ മാത്രമാണ് ഹാല.
അസദ് ഭരണകൂടത്തിന്റെ ക്രൂരതയുടെ നേർചിത്രങ്ങളായിരുന്നു സിറിയയിലെ ജയിലുകൾ. 2013ൽ സിറിയൻ ജയിലുകളിൽ നടക്കുന്ന ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്രൂരമായ പീഡനം, പട്ടിണിക്കിടൽ, അടി, രോഗികളായ തടവുകാർക്ക് ചികിത്സ നിഷേധിക്കൽ തുടങ്ങിയവയായിരുന്നു സിറിയൻ ജയിലുകളിൽ നടന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നു.
ജയിലിൽ ക്രൂരമായ പീഡനത്തിനിരയായ ഒരു 16കാരിയെക്കുറിച്ചും ഹാല ഓർമിക്കുന്നു. അവൾ പിന്നീട് മരിച്ചുവെന്നാണ് അറിഞ്ഞതെന്ന് ഹാല പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം പിന്നിട്ടിരുന്നുള്ളൂ. വിമതരെ സഹായിച്ചുവെന്ന് ആരോപിച്ചാണ് ആ പെൺകുട്ടിയെയും ഒരു യൂണിവേഴ്‌സിറ്റി വിദ്യാർഥിയെയും ഒരു മുതിർന്ന സ്ത്രീയെയും രണ്ട് ഡോക്ടർമാരെയും കസ്റ്റഡിയിലെടുത്തിരുന്നതെന്ന് ഹാല പറഞ്ഞു.
ഇന്ന് ഞാൻ വീണ്ടും ജനിച്ചപോലെയാണ് തോന്നുന്നതെന്ന് 49കാരനായ സാഫി അൽ യാസീൻ പറഞ്ഞു. ആലപ്പോയിലെ ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ടയാളാണ് സാഫി. സന്തോഷം അവിശ്വസനീയമാണെന്ന് സാഫി പറയുന്നു.
''അയ്യായിരത്തോളം തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. ജയിലിന് പുറത്തുനിന്ന് വിമത സൈനികരുടെ മുദ്രാവാക്യങ്ങൾ കേട്ടതോടെ ഞങ്ങൾ പുറത്തിറങ്ങാനായി വാതിലുകളും ജനലുകളും തകർക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരും ഗാർഡുമാരും സിവിലിയൻ വസ്ത്രം ധരിച്ച് ഞങ്ങൾക്കൊപ്പം ഇറങ്ങി. വിമതർ പിടികൂടാതിരിക്കാൻ അവരും സാധാരണവേഷത്തിൽ ഞങ്ങൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു''-സാഫി പറഞ്ഞു.
വടക്കുപടിഞ്ഞാറൻ സിറിയയിലെ ബനിയാസ് സ്വദേശിയായ യാസീൻ മത്സ്യബന്ധന ബോട്ടുകൾ നിർമിക്കുന്ന ആളായിരുന്നു. 2011ൽ സിറിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ കാലത്ത് പ്രകടനത്തിൽ പങ്കെടുത്തുവെന്ന കുറ്റത്തിനാണ് യാസീനെ പിടികൂടിയത്. 31 വർഷം തടവായിരുന്നു യാസീന് ലഭിച്ച ശിക്ഷ. ശിക്ഷാ കാലാവധിയുടെ പകുതിയോളം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് യാസീൻ മോചിതനാകുന്നത്.
തീവ്രവാദ ഫണ്ടിങ് കേസിലാണ് മഹർ 2017ൽ അറസ്റ്റിലായത്. വിചാരണ പോലുമില്ലാതെയാണ് കഴിഞ്ഞ ഏഴ് വർഷമായി അവൻ സിറിയൻ ജയിലിൽ കഴിഞ്ഞത്. മൃഗങ്ങൾക്ക് പോലും താങ്ങാനാവാത്ത ക്രൂരമായ പീഡനമാണ് ജയിലിൽ നേരിടേണ്ടിവന്നതെന്ന് മഹർ പറഞ്ഞു. പലപ്പോഴും കനത്ത പീഡനങ്ങൾ മൂലം മരിച്ചുപോകുമെന്ന് തോന്നിയെന്നും ഒരിക്കലും പുറത്തിറങ്ങാനാകുമെന്ന് കരുതിയിരുന്നില്ലെന്നും മഹർ പറയുന്നു.