ഇന്ത്യയിൽനിന്ന് റഷ്യയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനിൽ തകർന്നുവീണു
അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകർന്നത്
Update: 2024-01-21 10:23 GMT
ഇന്ത്യയിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനിൽ തകർന്നുവീണു. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകർന്നത്. അഫ്ഗാൻ വാർത്ത ഏജൻസി ടോളോയാണ് വിവരം പുറത്തുവിട്ടത്. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
വിമാനത്തിൽ ഇന്ത്യക്കാർ ആരുമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഉസ്‌ബെക്കിസ്താൻ വഴി മോസ്‌കോയിലേക്ക് പോവുകയായിരുന്ന ചാർട്ടർ ഫ്‌ലൈറ്റാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് സംഭവം. ആറ് യാത്രക്കാരുമായി വന്ന റഷ്യൻ രജിസ്ട്രേഡ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതായി റഷ്യൻ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിരുന്നു. ചാർട്ടർ ചെയ്ത ആംബുലൻസ് വിമാനമാണിത്. 1978 ൽ ഫ്രഞ്ച് കമ്പനി നിർമിച്ച വിമാനമാണ് തകർന്നത്.