നിരവധി റഷ്യൻ ടാങ്കുകൾക്കെതിരെ പോരാടി ഒരൊറ്റ യുക്രൈൻ ടാങ്ക്

റഷ്യയുടെ BTR-82A ടാങ്കിനെ യുക്രൈൻ ടാങ്ക് നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം

Update: 2022-04-07 13:05 GMT
Advertising

റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷം അവർക്കെതിരെ ഒറ്റയ്ക്ക് ചെറുത്തു നിൽക്കുന്ന യുക്രൈൻ സൈന്യത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഇക്കുറി ഒരൊറ്റ യുക്രൈൻ ടാങ്ക് നിരവധി റഷ്യൻ ടാങ്കുകൾക്കെതിരെ പോരാടുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ടി 64തരത്തിൽപ്പെടുന്ന യുക്രൈന്റെ ടാങ്ക് മീറ്ററുകൾ അകലെ നിന്ന് റഷ്യൻ സൈന്യത്തോട് യുദ്ധം ചെയ്യുന്നതായാണ് ട്വിറ്ററിലടക്കം പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്. യുക്രൈൻ തലസ്ഥാനമായ കിയവിൽ നിന്ന് 50 മൈൽ അകലെയുള്ള പ്രദേശത്ത് നിന്നുള്ളതാണ് ദൃശ്യം.


റഷ്യയുടെ BTR-82A ടാങ്കിനെ യുക്രൈൻ ടാങ്ക് നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം. റഷ്യയുടെ സുഖോയ് സു-35 യുദ്ധവിമാനം യുക്രൈൻ സൈന്യം വീഴ്ത്തിയതായി ഏപ്രിൽ അഞ്ചിന് റിപ്പോർട്ടുണ്ടായിരുന്നു. ഖാർകിവിൽ നിന്ന് 120 കിലോമീറ്റർ അകലെ കിഴക്കൻ യുക്രൈനിലെ ഇസിയം എന്ന സ്ഥലത്താണ് ഫ്‌ളാങ്കർ ഇ ഫൈറ്റർ ഗണത്തിൽപ്പെടുന്ന വിമാനം വീഴ്ത്തിയത്. നിലത്തുവീണ വിമാനം പൂർണമായും കത്തിയമർന്നു. സിംഗിൾ സീറ്ററായ ഈ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ജീവനോടെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.



ആകാശത്തുനിന്ന് ഒരു വസ്തു തീപിടിച്ച് നിലംപതിക്കുന്നതിന്റെ വിദൂര ദൃശ്യങ്ങളും തകർന്ന വിമാനഭാഗങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മികച്ച സാങ്കേതികവിദ്യകളടങ്ങുന്ന റഷ്യയുടെ ഏറ്റവും നല്ല യുദ്ധവിമാനങ്ങളിലൊന്നായ സു-35 തകർക്കപ്പെടുന്നത് ഇതാദ്യമായാണ്.

ഏപ്രിൽ മൂന്നിന് തങ്ങളുടെ സായുധ സൈന്യം മിസൈലുപയോഗിച്ചാണ് റഷ്യൻ വിമാനം വീഴ്ത്തിയതെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഗ്രിഷ്‌ചെങ്കോ പറഞ്ഞു. വിമാനം വീഴുന്നതിന്റേത് കരുതുന്ന ഒരു ദൃശ്യവും ഗ്രിഷ്‌ചെങ്കോ പങ്കുവെച്ചു. വിമാനം നഷ്ടമായതിലൂടെ റഷ്യക്ക് 50 ദശലക്ഷം ഡോളർ (380 കോടി രൂപയോളം) നഷ്ടം സംഭവിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, സംഭവത്തപ്പറ്റി റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.



സു 27 ഫ്‌ളാങ്കർ കുടുംബത്തിലെ ഏറ്റവും പുതിയ യുദ്ധവിമാനമായ സു 35 യുദ്ധരംഗങ്ങളിൽ ആകാശമേധാവിത്വത്തിനായി റഷ്യ ഉപയോഗിക്കുന്ന വിമാനമാണ്. ശത്രുലക്ഷ്യങ്ങൾ ആക്രമിക്കുന്നതടക്കം നിരവധി കാര്യങ്ങൾക്കു വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. 2012 ഡിസംബറിലാണ് ഇത് റഷ്യൻ വ്യോമസേനയുടെ ഭാഗമായത്.ഫെബ്രുവരി അവസാനവാനം റഷ്യ അധിനിവേശം തുടങ്ങിയതു മുതൽ അവരുടെ 143 വിമാനങ്ങളും 134 ഹെലികോപ്ടറുകളും വീഴ്ത്തിയതായാണ് യുക്രൈൻ സൈന്യം അവകാശപ്പെടുന്നത്.

A single Ukrainian tank that fought against several Russian tanks

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News