പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നുഴഞ്ഞു കയറി; അഫ്ഗാൻ പൗരൻ അറസ്റ്റിൽ
മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി
ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ശരീഫിന്റെ ഔദ്യോഗിക വസതിയിലേക്ക് നുഴഞ്ഞുകയറിയ അഫ്ഗാൻ പൗരനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യലിനായി തീവ്രവാദ വിരുദ്ധ വകുപ്പിന് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇയാൾ എങ്ങനെ അകത്ത് കയറി എന്നത് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ദി ന്യൂസ് ഇന്റർനാഷണൽ പത്രം റിപ്പോർട്ട് ചെയ്തു.
സംശയം തോന്നിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ഇസ്‍ലാമാബാദ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം കസ്റ്റഡിയിലെടുക്കുകയും അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചോദ്യംചെയ്യലിലാണ് അഫ്ഗാൻ സ്വദേശിയാണെന്ന് സ്ഥിരീകരിക്കുന്നത്.മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സിടിഡിയും പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ സുരക്ഷാ ഏജൻസികൾ കണ്ടെടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാകും ഇയാൾ പ്രധാനമന്ത്രിയുടെ വസതിയിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്തുക.