ഹമാസ് അനുകൂല എൻജിഒകൾക്ക് സംഭാവന നൽകി; ശതകോടീശ്വരന് മനുഷ്യത്വത്തോട് വെറുപ്പെന്ന് ഇലോൺ മസ്‌ക്

അമേരിക്കൻ നിക്ഷേപകനും മനുഷ്യസ്‌നേഹിയുമായ ജോർജ് സോറോസിന് രാജ്യത്തെ പരമോന്നത ബഹുമതി നൽകാനിരിക്കെയാണ് വിമർശനവുമായി മസ്‌ക് രംഗത്തുവന്നത്

Update: 2025-01-09 05:25 GMT
Editor : ശരത് പി | By : Web Desk
Advertising

വാഷിങ്ടൺ ഡിസി: ഹമാസ് അനുകൂല എൻജിഒകൾക്ക് സംഭാവ നൽകിയതിന് ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ജോർജ് സോറോസിനെതിരെ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്. 'ജോർജ് സോറോസിന് മനുഷ്യത്തത്തോട് വെറുപ്പാണെന്നും ഈ വെറുപ്പിൽ ഇസ്രായേൽ ഉൾപെടുന്നു' എന്നുമായിരുന്നു മസ്‌കിന്റെ പ്രസ്താവന.

ഹമാസിനെ സഹായിക്കുന്ന എൻജിഒകളിലേക്ക് 15 മില്യൺ സോറോസ് സംഭാവന ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഐക്യരാഷ്ട്ര സഭയിൽ ഇസ്രായേൽ അംബാസിഡർ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് മസ്‌ക് സോറോസിനെതിരെ വിമർശനവുമായി രംഗത്തുവന്നത്.

'ജൂത രാഷ്ട്രമെന്ന പേരിൽ ഇസ്രായേലിനെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്ന സംഘടനകൾക്ക് ജോർജ് സോറോസ് സംഭാവന നൽകുന്നത് ലജ്ജാകരമാണ്' എന്നായിരുന്നു ഇസ്രായേൽ അംബാസിഡർ ഗിലാഡ് എർഡന്റെ പ്രസ്താവന.

യുഎസിന്റെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് ഈയടുത്ത് ജോർജ് സോറോസിനെ പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സോറോസിനെതിരെ മസ്‌ക് രംഗത്തുവന്നത്.

സോറോസിന് ബഹുമതി നൽകുന്നത് പരിഹാസ്യമാണെന്ന് മസ്‌ക് മുമ്പ് എക്‌സിൽ കുറിച്ചിരുന്നു.

ഹംഗേറിയയിൽ ജനിച്ച സോറോസ് ഒരു ജൂത സാമ്പത്തിക വിദഗ്ധനും മനുഷ്യസ്‌നേഹിയുമാണ്. ആഗോളരാഷ്ട്രീയത്തിൽ സോറോസ് കൈകടത്തുന്നുണ്ടെന്നും മസ്‌ക് ആരോപിച്ചു.

സോറോസിന് മാനവരാശിയോടെ വെറുപ്പാണെന്നും മനുഷ്യകുലത്തെ നശിപ്പിക്കാൻ കനത്ത പരിശ്രമത്തിലാണെന്നും മസ്‌ക് മുമ്പ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു.

ഇത് കൂടാതെ മാർവൽ കോമിക്‌സിലെ മനുഷ്യരെ വെറുക്കുന്ന വില്ലൻ കഥാപാത്രങ്ങളിലൊന്നായ മാഗ്നീറ്റോയുമായും സ്റ്റാർ വാർസ് സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളിലൊന്നായ പാൽപറ്റീൻ ചക്രവർത്തിയുമായും മസ്‌ക് സോറോസിനെ താരതമ്യം ചെയ്തിരുന്നു.


ഇത് കൂടാതെ പാൽപറ്റീൻ ചക്രവർത്തിക്ക് പ്രസിഡന്റ് ജോ ബൈഡൻ ബഹുമതി നൽകുന്ന എഐ ചിത്രവും മസ്‌ക് പരിഹാസ്യ രൂപേണ പങ്കുവെച്ചിരുന്നു.

ബിജെപിയുടെ വിമർശനത്തിന് പിന്നാല ഒരു കാലത്ത് ഇന്ത്യൻ തലക്കെട്ടുകളിലും ഉയർന്നുവന്ന ഒരാളാണ്. കശ്മീർ അടക്കം പല വിഷയങ്ങളിലും ഇന്ത്യക്കെതിരെ ശബ്ദമുയർത്തിയ സോറോസ് സംഭാവന നൽകിയ പല സംഘടനകളുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ കോൺഗ്രസ് ഇത് തള്ളി.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഉയർന്നുവന്ന പേരുകളിലൊന്നായിരുന്നു ജോർജ് സോറോസിന്റെത്. മൗറീഷ്യസിൽ നിന്നും അദാനി രേഖയില്ലാതെ നിക്ഷേപങ്ങൾ എത്തിക്കാൻ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച ഓർഗനൈസിഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന് (OCCRP) പിന്നിൽ സോറോസ് ആയിരുന്നു എന്ന് വാർത്തകൾ ഉയർന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മുമ്പ് സോറോസ് വിമർശനവുമായി രംഗത്ത് വന്നിരുന്നു.

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ വളർത്തിയാണ് നരേന്ദ്രമോദി വളർന്നത് എന്ന് സോറോസ് 2023ൽ പറഞ്ഞു.

ആഗോളതലത്തിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ശതകോടീശ്വരനാണ് ജോർജ് സോറോസ്. ഹംഗറിയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ യു.എസ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. 70,000 കോടിയോളം ആസ്തിയുള്ള സോറോസ് ഓപൺ സൊസൈറ്റി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു എൻ.ജി.ഒയ്ക്കും നേതൃത്വം നൽകുന്നുണ്ട്. ജനാധിപത്യ, ആവിഷ്‌ക്കാര സ്വാതന്ത്ര്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയും സംഘടനകളെയും സഹായിക്കുകയാണ് ഓപൺ സൊസൈറ്റിയുടെ ലക്ഷ്യം.

ബുഡാപെസ്റ്റിൽ സോറോസ് സ്ഥാപിച്ച 'സെൻട്രൽ യൂറോപ്യൻ യൂനിവേഴ്സിറ്റി' മുൻ ഹംഗറി പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഒർബാന്റെ നിരന്തര വേട്ടയ്ക്കിരയായിരുന്നു. ഇതേതുടർന്ന് സർവകലാശാലാ കാംപസ് വിയന്നയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News